മഹാരാഷ്ട്രയിൽ 20 വിമത എം.എൽ.എമാർ ഉദ്ധവുമായി ബന്ധപ്പെട്ടു

മുംബൈ: കലുഷിതമായ മഹാരാഷ്ട്ര രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കോ​?. ഇതിന്റെ സൂചനയുമായി വിമത ക്യാമ്പിലെ 20 എം.എൽ.എമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. ശിവസേന ബി.ജെ.പിയുമായി ലയിക്കുന്നതിൽ വിമതരിൽ ചിലർക്ക് എതിർപ്പുണ്ട്. ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുവാഹതിയിലെ ഹോട്ടലിലാണ് വിമതർ ഉള്ളത്.

പ്രഹാർ ജനശക്തി പാർട്ടിയുമായി സഖ്യമുണ്ടാക്കണമെന്നും ഷിൻഡെക്ക് ആശയമുണ്ട്. പ്രഹാർ ജനശക്തി പാർട്ടി നേതാവും മന്ത്രിയുമായ ബചചു കാഡുവും വിമത ക്യാമ്പിലുണ്ട്. പാർട്ടിയിൽ പിളർപ്പുണ്ടാക്കിയ ഷിൻഡെക്കും വിമതർക്കുമെതിരെ നടപടിയെടുക്കാനും ശിവസേന നീക്കം നടത്തുന്നുണ്ട്. ഷിൻഡെ, ഗുലാബ്റാവു പാട്ടീൽ, ദാദ ഭൂസ്, ശംഭുരാജ് ദേശായ് എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാവുമെന്നാണ് സൂചന.

പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ പാർട്ടിയിലെ ഔദ്യോഗിക പക്ഷത്തിനു കഴിഞ്ഞു. എത്ര കാലം ഗുവാഹതിയിലെ ക്യാമ്പിൽ വിമതർക്ക് ഒളിച്ചിരിക്കാനാവുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത് ചോദിച്ചിരുന്നു. ഏതുവിധേനയും ഷിൻഡെയ്‌ക്കൊപ്പമുള്ള വിമത എം.എൽ.എമാരുടെ മനസ്സു മാറ്റി ഭരണം നിലനിർത്തുകയാണ് ഉദ്ധവിന്റെയും ശിവസേനയുടെയും ലക്ഷ്യം.

അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെയടക്കം 16 ശിവസേനാ വിമത എം.എൽ.എമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതോടെ മഹാരാഷ്ട്രയിൽ കൂറുമാറ്റം നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്.

Tags:    
News Summary - 20 Sena Rebels In Touch With Uddhav Thackeray, Say Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.