ജയ്സാൽമീർ: രാജസ്ഥാനിൽ സ്വകാര്യ ബസ് കത്തി 20 പേർ മരിക്കുകയും 16ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകടത്തിന് കാരണം ഷോർട് സർക്യൂട്ട് എന്ന് സംശയം. ബസിൽ എമർജൻസി എക്സിറ്റ് ഉണ്ടായിരുന്നില്ല. തീപടുത്തമുണ്ടായപ്പോൾ യാത്രക്കാർ ഒറ്റ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ ജാം ആയതിനാൽ അതിനുള്ളിൽ പെട്ടു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നത്. പിന്നീട് എസ്കവേറ്റർ കൊണ്ട് വന്നാണ് വാതിൽ തുറന്നത്. അപ്പോഴേക്ക് നിരവധിപേർ മരിക്കുകയും മറ്റുളളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് പുറത്ത് ചാടിയ ചില യാത്രികർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തീപിടുത്തത്തിന് സാധ്യതയുള്ള സാധനങ്ങൾ കൊണ്ട് വാഹനം മോഡിഫൈ ചെയ്തത് തീപിടുത്തത്തിന് കാരണമായിരിക്കാം എന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തീപിടിച്ച ബസിൽ വലിയ ശബ്ദത്തിൽ പൊട്ടിത്തെറി ഉണ്ടാവുകയും നിമിഷ നേരം കൊണ്ട് അഗ്നിക്കിരയാവുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
മൊത്തം 57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്. ഇത് തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ആവശ്യമായി വരും. ഷോർട് സർക്യൂട്ടിനൊപ്പം എ.സിയിൽ നിന്ന് ഗ്യാസ് ലീക്കായത് തീ പിടുത്തത്തിന്‍റെ ആക്കം കൂട്ടിയെന്നും ബസിന് ഒറ്റ ഡോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എം.എൽ.എ പ്രതാപ് പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.