ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ വധിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർക്ക് ഭീകര സംഘടനയായ ലശ്കറെ തയ്യിബയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൂഞ്ചിൽ സംശകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും രണ്ടുപേരെ നിരീക്ഷിച്ചുവരികയാണെന്നും ബുധനാഴ്ച പുലർച്ചെ കരസേനയുടെ വൈറ്റ്നൈറ്റ് കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് വ്യക്തമാക്കി.
ഞായറാഴ്ച ശ്രീനഗറിനു സമീപം ലിദ്വാസിൽ ‘ഓപറേഷൻ മഹാദേവി’ലൂടെയാണ് പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ടവർ പാകിസ്താനിൽനിന്നുള്ളവരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. പാർലമെന്‍റിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിലാണ് കൊല്ലപ്പെട്ടത് ലശ്കർ ഭീകരരാണെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഭീകരരുടെ പാകിസ്താൻ ബന്ധം വ്യക്തമാക്കുന്ന വോട്ടർ ഐ.ഡിയും ചോക്ലേറ്റുമുൾപ്പെടെ കണ്ടെത്തിയെന്നും അമിത് ഷാ പറഞ്ഞു.
ഭീകരർക്ക് സഹായം നൽകിയെന്ന് കാണിച്ച് കശ്മീർ സ്വദേശികളായ പർവെയ്സ് അഹ്മദ്, ബഷീർ അഹ്മദ് എന്നിവരെ കഴിഞ്ഞ മാസം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് ഭീകരരെ തിരിച്ചറിഞ്ഞത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി മേയ് ഏഴിന് ഓപറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക ദൗത്യം നടപ്പാക്കി. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലേറെ ഭീകരരെ സൈന്യം വധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.