ബംഗളൂരു: മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനംചെയ്ത് വിദ്യാർഥിയിൽനിന്ന് 2.1 കോടി രൂപ തട്ടിയെടുത്തതായി പരാതി. ആന്ധ്രപ്രദേശ് സ്വദേശിയും മഹാദേവപുര കുന്ദലഹള്ളിയിൽ താമസക്കാരനുമായ മോഹിത് റെഡ്ഡി (28)യുടെ പരാതിയിൽ മഞ്ചപ്പ (45), വിരുപക്ഷപ്പ (42), ദേവേന്ദ്ര നായ്ക് (48), കിരൺ (38), ഭരത് (40), ശരത് എന്നിവർക്കെതിരെ വി.വി.പുരം പൊലീസ് കേസെടുത്തു. 2021 ഡിസംബറിനും 2023 നവംബറിനുമിടയിൽ പല ഘട്ടങ്ങളിലായാണ് ഇത്രയും തുക തട്ടിയെടുത്തതെന്നാണ് പരാതി.
2018ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ റെഡ്ഡി പി.ജി പ്രവേശത്തിന് ശ്രമിച്ചിരുന്നെങ്കിലും സർക്കാർ ക്വാട്ടയിൽ പ്രവേശനത്തിനുള്ള റാങ്ക് നേടാനായില്ല. 2021 ഡിസംബറിൽ ദുർഗാപ്രസാദ് എന്നയാൾ വഴി മഞ്ചപ്പയെയും വിരുപക്ഷപ്പയെയും പരിചയപ്പെട്ടു. ബംഗളൂരുവിലെ പ്രശസ്തമായ ഒരു മെഡിക്കൽ കോളജിൽ മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റ് തരപ്പെടുത്തി നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. തുടർന്ന് കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസ് പരിസരത്തുവെച്ച് റെഡ്ഡി ഇവർക്ക് 25 ലക്ഷം രൂപ കൈമാറി.
മഞ്ചപ്പയും വിരുപക്ഷപ്പയും പിന്നീട് നായ്ക്, കിരൺ, ഭരത്, ശരത് എന്നിവരെ റെഡ്ഡിക്ക് പരിചയപ്പെടുത്തി. കർണാടക എക്സാമിനേഷൻ അതോറിറ്റിയിൽ റെഡ്ഡിയുടെ പേര് എൻറോൾ ചെയ്തതായി ഇവർ വ്യാജരേഖയുണ്ടാക്കി. കൂടുതൽ പണം കൈപ്പറ്റിയ ശേഷം വ്യാജ നീറ്റ് സ്കോർ കാർഡും വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും മറ്റു രേഖകളുമുണ്ടാക്കി. എന്നാൽ, റെഡ്ഡിയും പിതാവും പ്രസ്തുത കോളജിൽ ബന്ധപ്പെട്ടപ്പോൾ പി.ജി പ്രവേശനത്തിന് പേര് ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടതോടെയാണ് സംശയമുയർന്നത്. തുടർന്ന് പ്രതികളെ ബന്ധപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറി. പൊലീസിൽ പരാതി നൽകിയതോടെ പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.