ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുന്‍കൂര്‍ ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഖേരക്ക് തെലങ്കാന ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ അസം സര്‍ക്കാൻ സുപ്രീകോടതിയെ സമീപിക്കുകയായിരുന്നു. കേസ് തെലങ്കാന ഹൈക്കോടതിയുടെ പരിധിയിലല്ലന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മക്ക് രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളുടേതടക്കം മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാല്‍, പവന്‍ ഖേര വ്യാജ രേഖകളാണ് പുറത്തുവിട്ടതെന്നും പാക് സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച രേഖകളാണ് ഇതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വാദിച്ചിരുന്നു. അസം തെരഞ്ഞെടുപ്പില്‍ പാകിസ്താന്റെ ഇടപടല്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഖേരയുടെ ഈ നീക്കമെന്ന് ബി.ജെ.പി ആരോപിച്ചു. ഖേരയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയതായി അസം പൊലീസ് അറിയിച്ചിരുന്നു.
റിനികി ഭൂയാൻ ശർമക്ക് ഒന്നിലധികം പാസ്‌പോർട്ടുകളും വിദേശ സ്വത്തുക്കളും ഉണ്ടെന്നും മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഖേര ആരോപിച്ചിരുന്നു.തുടർന്ന് റിനികി ഭൂയാൻ ശർമയുടെ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് ഖേരക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം വ്യാജരേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
തന്റെ ഹൈദരാബാദ് വിലാസം ചൂണ്ടിക്കാട്ടിയും അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയും അസമിലെ കോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഖേര തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ. സുജന അദ്ദേഹത്തിന് ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് സ്ഥിരം ജാമ്യം തേടണമെന്നും അതുവരെ കർശനമായ നടപടികൾ സ്വീകരിക്കരുതെന്നും അസം പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. തെലങ്കാന ഹൈകോടതിയുടെ ഈ ഉത്തരവിനെതിരെയാണ് അസം സർക്കാർ സുപ്രീം കോടതിയെ സമീപിച്ചക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.