‘ആദരവോടെ കൈകാര്യം ചെയ്യണം’; ഉദ്ഘാടനച്ചടങ്ങിൽ ദേശീയപതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ച് ഒമർ അബ്ദുല്ല -വിഡിയോ

ശ്രീനഗർ: ഉദ്ഘാടനച്ചടങ്ങിനിടയിൽ ദേശീയപതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ശ്രീനഗറിലെ കാശ്മീർ ഹാറ്റിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു ശ്രദ്ധേയമായ സംഭവം. ത്രിവർണപതാകയുടെ നിറങ്ങളോടുകൂടിയ റിബൺ മുറിക്കാൻ വിസമ്മതിച്ച മുഖ്യമന്ത്രി, അത് അഴിച്ചെടുത്ത് സംഘാടകരെ തിരിച്ചേൽപ്പിക്കുകയും ആദരവോടെ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. വിഡിയോ പ്രചരിച്ചതോടെ മുഖ്യമന്ത്രിക്ക് നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ്.

ചടങ്ങിനെത്തിയ ഒമർ അബ്ദുല്ല റിബണിന്റെ നിറം ശ്രദ്ധയിൽപ്പെട്ടതോടെ പെട്ടെന്ന് പിൻവാങ്ങുന്നതും തുടർന്ന് അത് മുറിക്കുന്നതിന് പകരം, കൈകൊണ്ട് അഴിച്ചെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി, ഉപദേശകൻ നാസിർ അസ് ലം വാനി എന്നിവരും ചടങ്ങിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഈ റിബൺ മുറിക്കുന്നത് ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവാകുമെന്ന് കണ്ടാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.

ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമപ്രകാരം ദേശീയപതാകയെ നശിപ്പിക്കുന്നത് കുറ്റകരമാണ്. റിബൺ മുറിക്കുന്നത് നേരിട്ടുള്ള നിയമലംഘനമായി കാണാനാകില്ലെന്നും, ത്രിവർണ രൂപത്തിലുള്ള കേക്കുകളോ മറ്റു വസ്തുക്കളോ മുറിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈകോടതി മുമ്പ് നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ നടപടി വലിയൊരു പ്രതീകാത്മക സന്ദേശമാണ് നൽകുന്നത്. ദേശീയതയോടുള്ള അതീവ ജാഗ്രതയും ആദരവുമാണ് ഒമർ അബ്ദുല്ല ഇതിലൂടെ പ്രകടിപ്പിച്ചത്.

അനന്ത്നാഗിൽ നടന്ന വൈശാഖി വസന്തോത്സവത്തിലും ഒമർ അബ്ദുല്ല പങ്കെടുത്തു. പുതിയ സർക്കാറിന്റെ വരവ് ജമ്മു കശ്മീരിന് പുതിയൊരു തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. വസന്തം വെറുമൊരു മാറ്റമല്ല, മറിച്ച് വികസനത്തിന്റെയും സമാധാനത്തിന്റെയും പുതിയ ഘട്ടമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തെ വിദൂര മേഖലകളിൽ കാമ്പസുകൾ തുടങ്ങാൻ പ്രമുഖ സർവകലാശാലകളെ ക്ഷണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ ഉറപ്പുനൽകി.

Tags:    
News Summary - Omar Abdullah refuses to cut the ribbon in the colours of the national flag at the inauguration ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.