ചികിത്സാപിഴവ്; കാല് മുറിച്ചുമാറ്റേണ്ടിവന്ന വനിതാ ഫുട്ബാൾ താരം മരിച്ചു

ചെന്നൈ: തെറ്റായ ചികിത്സമൂലം യുവ വനിത ഫുട്ബാൾ താരം മരിച്ച സംഭവം വൻ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് തമിഴ്നാട് സർക്കാർ രണ്ടു ഡോക്ടർമാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.

സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച ചെന്നൈ വ്യാസർപാടി സ്വദേശിനി ആർ. പ്രിയയാണ് (17) മരിച്ചത്. ചെന്നൈ റാണി മേരി കോളജിലെ ഒന്നാം വർഷ ബിരുദവിദ്യാർഥിനിയാണ്.

ഈയിടെ പരിശീലനത്തിനിടെ കാലുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കാൽമുട്ടിൽ തകരാർ സംഭവിച്ചതായി കണ്ടെത്തി. പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം വീടിനടുത്ത കൊളത്തൂർ ഗവ. സബർബൻ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.

കാലിലെ പേശികൾ പ്രവർത്തനരഹിതമായതിനാൽ വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരുന്ന പ്രിയ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മരിച്ചു.

ആർത്രോസ്കോപ്പി ശസ്ത്രക്രിയ വിജയകരമായി നടത്തിയെങ്കിലും ഡോക്ടർമാരുടെ അശ്രദ്ധമൂലം കംപ്രഷൻ ബാൻഡേജാണ് ഉപയോഗിച്ചത്. ഇതിന്‍റെ മർദം കാരണം രക്തപ്രവാഹത്തെ ബാധിച്ചു. വൃക്ക, കരൾ തകരാറിലാവുകയും ഹൃദയാഘാതമുണ്ടാകുകയും ചെയ്തതോടെയാണ് മരണം സംഭവിച്ചത്.

വിവരമറിഞ്ഞെത്തിയ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധരംഗത്തിറങ്ങി. പിന്നീട് വിദ്യാർഥിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹോദരങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് ആരോഗ്യമന്ത്രി എം. സുബ്രമണ്യൻ അറിയിച്ചു.

കുറ്റക്കാരായ രണ്ടു ഡോക്ടർമാർക്കുമെതിരെ വകുപ്പുതല നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. പ്രിയയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതിനിടെ, ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുണ്ടായത് സംഘർഷത്തിനിടയാക്കി.

Tags:    
News Summary - 17-year-old football player who lost her leg due to botched surgery dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.