അസമിലെ കരിംഗഞ്ച് ജില്ലയിൽ കെട്ടിടങ്ങൾ തകർക്കുന്നു

അസമിൽ 161 കെട്ടിടങ്ങൾ തകർത്തു; ഭൂമിക്ക് രേഖകളുണ്ടെന്ന് പ്രദേശവാസികൾ

ഗുവാഹതി: അസമിലെ കരിംഗഞ്ച് ജില്ലയിൽ രണ്ടു ദിവസത്തിനിടെ വീടുകളും കടകളും ഉൾപ്പെടെ 161 കെട്ടിടങ്ങൾ ജില്ല ഭരണകൂടം തകർത്തു. അനധികൃത കൈയേറ്റമെന്നാരോപിച്ചാണ് സുരക്ഷസേനയെ വിന്യസിച്ചുള്ള നടപടി.

ആദ്യ ദിവസം 90 കെട്ടിടങ്ങളാണ് ഇടിച്ചുനിരത്തിയത്. രണ്ടാം ദിനം തകർത്തത് കടകളും താമസസ്ഥലങ്ങളും ഉൾപ്പെടെ 71 കെട്ടിടങ്ങൾ. കുടിയൊഴിപ്പിക്കലിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടതായും ഭൂമിക്ക് രേഖകളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. 20ലേറെ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങൾ തകർത്തത്.

തേയിലത്തോട്ടത്തിന് പാട്ടത്തിനെടുത്ത ഭൂമി കൈയേറ്റമുക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം. കെട്ടിടങ്ങൾ പൊളിച്ചതോടെ ഭവനരഹിതരാകുന്നവരിൽ പലരും ബന്ധുവീടുകളിൽ അഭയം തേടുമ്പോൾ ചിലർ തുറസ്സായ സ്ഥലത്ത് കഴിയുകയാണ്.

വീട്ടുടമകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി പത്താർകണ്ടി സർക്കിൾ ഓഫിസർ അർപ്പിത ദത്ത മജുംദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ കുടിയൊഴിപ്പിക്കൽ നടപടിയുടെ ഒന്നാം ഘട്ടം അവസാനിക്കും. അനധികൃത കൈയേറ്റത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ നൽകിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.

മുസ്‍ലിം ഭൂരിപക്ഷപ്രദേശമായ പത്താർകണ്ടി ടൗണിലാണ് രണ്ടാം ദിവസത്തെ നടപടിയെന്നും വീടുകൾ തകർത്തത് 5000 പേർക്ക് കിടപ്പാടം നഷ്ടപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു. 

Tags:    
News Summary - 161 buildings demolished in Patherkandi as part of Karimganj admin's eviction drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.