സിപ്‌ലൈൻ കേബിൾ പൊട്ടി 45 അടി താഴ്ചയിലേക്ക് വീണ് 16കാരന് ദാരുണാന്ത്യം; വിഡിയോ

ആഗ്ര: സിപ്‌ലൈൻ റൈഡിനിടെ കേബിൾ പൊട്ടി 45 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീണ് 16 കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള അമ്യൂസ്‌മെന്റ് പാർക്കിലാണ് സംഭവം. ആഗ്രയിലെ താജ്ഗഞ്ച് മേഖലയിലുള്ള വിനോദകേന്ദ്രത്തിൽ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്. ഫിറോസാബാദ് സ്വദേശിയായ പങ്കജ് അഗർവാളിന്റെ മകൻ കുനാൽ അഗർവാൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം പാർക്കിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു കുനാൽ.

സിപ്‌ലൈൻ റൈഡ് ആസ്വദിച്ച് കുനാൽ മുന്നോട്ട് നീങ്ങുന്നതിനിടെ കേബിൾ പാതിവഴിയിൽ വെച്ച് അപ്രതീക്ഷിതമായി പൊട്ടിപ്പോവുകയായിരുന്നു. കേബിളിൽ നിന്ന് വേർപെട്ട കുനാൽ താഴെയുള്ള ഇരുമ്പ് വേലിയിൽ അടിച്ചു വീണ ശേഷമാണ് തറയിലേക്ക് പതിച്ചതെന്ന് വ്യക്തമാക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അപകടവിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. കഠിനമായ പരിക്കുകളോടെ കുനാലിനെ സരോജിനി നായിഡു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിധിയിൽ വരുന്നതാണ് ഈ വിനോദകേന്ദ്രം. എന്നാൽ, ഇവിടുത്തെ സാഹസിക വിനോദങ്ങൾ നടത്താനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദാരുണമായ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പാർക്കിലെ എല്ലാത്തരം സാഹസിക വിനോദങ്ങളും പൊലീസ് താൽക്കാലികമായി നിർത്തിവെപ്പിച്ചു.

Tags:    
News Summary - 16-year-old falls 45 feet to his death after zipline cable breaks; video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.