ഇന്ത്യന്‍ തിരിച്ചടി: ഒരാഴ്ചക്കിടെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയില്‍ ഒരാഴ്ചക്കിടെ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ്. രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടതായി ബി.എസ്.എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ധര്‍മേന്ദ്ര പരീഖ് അറിയിച്ചു.
ഒക്ടോബര്‍ 21ന് ശേഷം നടന്ന തിരിച്ചടികളിലാണ് 15 പാക് അതിര്‍ത്തിരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയില്‍ പാക് സേന നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും ബി.എസ്.എഫ് ഓഫിസര്‍ അരുണ്‍കുമാര്‍ പറഞ്ഞു. മൂന്നു ബി.എസ്.എഫ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

24 മണിക്കൂറായി അതിര്‍ത്തിയില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നത്. നിയന്ത്രണ രേഖയിലെ ജമ്മു, കതുവ, പൂഞ്ച്, രജൗരി മേഖലകളില്‍ വെള്ളിയാഴ്ചയും വെടിവെപ്പു തുടര്‍ന്നു. പാക് സൈനികര്‍ക്കൊപ്പം ഭീകരരും ആക്രമണത്തില്‍ പങ്കാളിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്നാണ് ബി.എസ്.എഫ് പറയുന്നത്. പാക് സൈനികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൂഞ്ച് ജില്ലയിലെ മെന്ധാര്‍ താലൂക്കിലെ ഗോഹ്ളാദ് ഗ്രാമത്തിലെ ഉസ്മാബി എന്ന അമ്പതുകാരിയാണെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ആര്‍.എസ് പുരയില്‍ മറ്റൊരു സിവിലിയന് പരിക്കേറ്റു. മുന്‍കാലങ്ങളില്‍ നടന്ന ആക്രമണങ്ങളെക്കാള്‍ രൂക്ഷമാണ് ഒക്ടോബര്‍ 21ന് ശേഷം പാക് സൈനികരില്‍നിന്നുണ്ടാകുന്നത്.

 

Tags:    
News Summary - 15 Pak Soldiers Killed In Past Week In Retaliatory Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.