ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോതുമായി താരത്യമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്.

നിലവിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഒമിക്രോൺ വ്യാപനത്തിന്‍റെ കാര്യത്തിൽ യൂറോപ്പ് വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്തത്. 80 ശതമാനത്തോളം പേർ ഭാഗികമായി വാക്സിനേഷൻ എടുത്തവരാണ് ഇവിടെയുള്ളത്.ഫ്രാൻസിൽ 65,000 കേസുകളാണ് ഉള്ളത്. രോ​ഗവ്യാപനം അതിവേ​ഗം ഉയരുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ കണക്കിലെടുത്താൽ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും. അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോൾ പറഞ്ഞു.

ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്‍റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയിൽ 32 ഒമിക്രോൺ ബാധിതരാണുള്ളത്. ഡൽഹിയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കർണാടക,ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - "14 Lakh Cases Daily": Centre Warns On Omicron Spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.