ന്യൂഡൽഹി: സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിന്‍റെ 556ാം ജൻവാർഷികാഘോഷത്തോടനുബന്ധിച്ച് നങ്കാന സാഹിബിലേക്ക് യാത്ര ചെയ്ത തീർഥാടക സംഘത്തിലെ 14 ഇന്ത്യക്കാരെ തിരിച്ചയച്ച് പാകിസ്താൻ. ഇവർക്ക് തുടക്കത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. 14 പേരും സിഖുകാരല്ലെന്നും ഹിന്ദുക്കളാണെന്നും പറഞ്ഞാണ് തിരിച്ചയച്ചത്.
പാകിസ്താൻ സന്ദർശിക്കാനായി വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ച 2100 തീർഥാടകരിൽ ഉൾപ്പെട്ടവരാണ് ഈ 14 പേരും. ഇത്രയും പേർക്ക് പാകിസ്താനും യാത്ര രേഖകളും ഇഷ്യൂചെയ്തിരുന്നു. ചൊവ്വാഴ്ച 1900 പേരാണ് വാഗാ അതിർത്തി വഴി പാകിസ്താനിലെത്തിയത്. ഓപറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാർ പാകിസ്താനിലെത്തുന്നത്. ഈ സംഘത്തിൽ 14 പേർ ഹിന്ദുക്കളായിരുന്നു. പാകിസ്താനിൽ ജനിച്ച സിന്ധികളായ ഇവർക്ക് ഇന്ത്യൻ പൗരത്വമുണ്ട്. പാകിസ്താനിലെ ബന്ധുക്കളെ കാണാനാണ് അവർ യാത്ര തിരിച്ചത്. അവരെയാണ് മടക്കി അയച്ചിരിക്കുന്നത്. നിങ്ങൾ ഹിന്ദുക്കളായതിനാൽ സിഖ് തീർഥാടകർക്കൊപ്പം പോകാൻ സാധിക്കില്ല എന്നാണ് അധികൃതർ പറഞ്ഞതെന്ന് മടക്കി അയച്ച സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ 14 പേരിൽ ഡൽഹിയിൽനിന്നും ലഖ്നോയിൽ നിന്നും ഉള്ളവരുമുണ്ടായിരുന്നു. അപമാനിതരായതാണ് തങ്ങൾ മടങ്ങിയതെന്ന് അവർ പ്രതികരിച്ചു. അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതിയില്ലാത്തതിനാൽ സ്വതന്ത്രമായി വിസക്ക് അപേക്ഷിച്ച 300 പേരെയു തിരിച്ചയച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുരുദ്വാര ജൻമസ്ഥാനിലാണ് ഗുരുനാനാക്ക് ജയന്തിയുടെ പ്രധാന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ തീർഥാടകർ ഗുരുദ്വാര പഞ്ച സാഹിബ് ഹസൻ അബ്ദാൽ, ഗുരുദ്വാര സച്ച സൗദ ഫറൂഖാബാദ്, ഗുരുദ്വാര ദർബാർ സാഹിബ് കർത്താർപൂർ എന്നിവയും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.