മുംബൈ: രാജ്യത്തെ റെയിൽവെ 117 സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. അപകടങ്ങൾ, അതിക്രമങ്ങൾ എന്നിവ സംഭവിച്ചാൽ യാത്രക്കാർക്ക് റെയിൽവെ ജീവനക്കാരുമായി ബന്ധപ്പെടാനാണ് പാനിക് ബട്ടണുകൾ.
മുംബൈയിലെ മുളുണ്ട് റെയിൽവെ സ്റ്റേഷനിലാണ് ആദ്യ പാനിക് ബട്ടൺ സ്ഥാപിച്ചത്. സെൻട്രൽ റെയിൽവെയുടെ മെയിൻ, ഹാർബർ ലൈനുകളിലെ 117 റെയിൽവെ സ്റ്റേഷനുകളുടെ ഇരുവശത്തും പരീക്ഷണാടിസ്ഥാനത്തിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്നും റെയിൽവെ അറിയിച്ചു.
2023 ൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാൻ റെയിൽവെ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല. ജൂൺ ഒമ്പതിന് മുംബ്രയിൽ നടന്ന ലോക്കൽ ട്രെയിൻ ദുരന്തത്തെതുടർന്നാണ് റെയിൽവെ നടപടികൾ വേഗത്തിലാക്കുന്നത്.
സെൻട്രൽ റെയിൽവെയുടെ പ്രധാന തുറമുഖപാതകളിൽ റെയിൽ ടെൽകോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് (ആർ.സി.ഐ.എൽ) പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സെൻട്രൽ റെയിൽവെയുടെ വക്താവ് പറഞ്ഞു.
മുംബൈയിലെ ബൈക്കുള, ചിഞ്ച്പോക്ലി, കറി റോഡ്, മുളുണ്ട്, ഡോക്ക്‌യാർഡ് റോഡ്, കോട്ടൺ ഗ്രീൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിലവിൽ പാനിക് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂം, റെയിൽവെ പ്രൊട്ടക്ഷൻ ഫോർസ് എന്നിവയെ വേഗത്തിൽ വിവരം അറിയിക്കാൻ കഴിയുന്ന തരത്തിലാണ് പാനിക് ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്നത്.
യാത്രക്കാർ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർ.പി.എഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷൻ ജീവനക്കാർക്കും അലേർട്ട് എത്തും. സി.സി.ടി.വി ദൃശ്യങ്ങൾ വഴി അവർക്ക് സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.