ന്യൂഡൽഹി: 11 വർഷമായി ഭരണഘടനയുടെ എല്ലാ പേജുകളിലും സ്വേച്ഛാധിപത്യത്തിന്റെ മഷി പുരട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മൂന്നാം മോദി സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ എക്സിൽ കുറിച്ച പോസ്റ്റിലാണ് ഖാർഗെയുടെ വിമർശനം. നരേന്ദ്ര മോദി സർക്കാർ 2025നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി ഇപ്പോൾ 2047ന്റെ സ്വപ്നങ്ങൾ വിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.
വിവിധ മേഖലകളിൽ നടപ്പാക്കിയെന്ന് പറയുന്ന അവകാശവാദങ്ങളെ ഖണ്ഡിച്ച് ‘വ്യാജ വാഗ്ദാനങ്ങളുടെ 11 വർഷങ്ങൾ’ എന്ന പേരിൽ കോൺഗ്രസ് ഗവേഷണ വിഭാഗം രണ്ട് ബുക്ക്ലെറ്റുകളും പുറത്തിറക്കി. ‘മേക്ക് ഇൻ ഇന്ത്യ’ ‘ഫേക്ക് ഇൻ ഇന്ത്യ’ ആയും, ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ ‘ഷട്ട്ഡൗൺ ഇന്ത്യ’ ആയും മാറിയെന്ന് ബുക്ക്ലെറ്റിൽ സമർഥിക്കുന്നു.
11 വർഷത്തെ ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും സമ്പദ്വ്യവസ്ഥക്കും സാമൂഹിക ഘടനക്കും കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് ഖാർഗെ കുറിച്ചു. ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തി. അവയുടെ സ്വയംഭരണത്തെ അവതാളത്തിലാക്കി.
വെറുപ്പിന്റെയും ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നു. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ, ദുർബല വിഭാഗങ്ങൾക്കെതിരെ ചൂഷണം വർധിച്ചു. സംവരണവും തുല്യ അവകാശങ്ങളും നിഷേധിക്കാനുള്ള ഗൂഢാലോചന തുടരുന്നു. മണിപ്പൂരിൽ അവസാനിക്കാത്ത അക്രമം ബി.ജെ.പിയുടെ ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പം കാരണം പൊതു സമ്പാദ്യം 50 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലും സാമ്പത്തിക അസമത്വം 100 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലുമാണ്. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, ആസൂത്രണമില്ലാത്ത ലോക്ഡൗൺ ഇവയെല്ലാം കോടിക്കണക്കിന് പേരുടെ ഭാവി നശിപ്പിച്ചു.
കോൺഗ്രസ്-യു.പി.എ സർക്കാർ നിർമിച്ച അടിസ്ഥാന സൗകര്യങ്ങളുടെ റിബൺ മാത്രമാണ് മോദി സർക്കാർ മുറിച്ചത്- ഖാർഗെ കുറ്റപ്പെടുത്തി. മുംബൈയിലെ ട്രെയിൻ അപകട വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാറിനെതിരെ രാഹുലിന്റെ വിമർശനം. ട്രെയിനിൽ തൂങ്ങിനിന്ന് യാത്ര ചെയ്യേണ്ട ദുരവസ്ഥയിൽ രാജ്യത്തിന്റെ യാഥാർഥ്യം പ്രതിഫലിക്കുന്നുവെന്ന് രാഹുൽ കുറിച്ചു.
ന്യൂഡൽഹി: മികച്ച ഭരണത്തിലൂടെ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ പ്രവർത്തനം, ഡിജിറ്റൽ നവീകരണം എന്നിവയിൽ ഇന്ത്യ ആഗോള ശബ്ദമായി മാറി. 140 കോടി ഇന്ത്യക്കാരുടെ സഹകരണത്താൽ രാജ്യം വളർന്നു. കൂട്ടായ പങ്കാളിത്തത്തോടെ ഇന്ത്യ ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
സാമ്പത്തിക വളർച്ച, സാമൂഹിക ഉന്നമനം എന്നിവക്ക് പ്രാധാന്യം നൽകി. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സമഗ്ര പുരോഗതിയിലാണ് ശ്രദ്ധ. കൂട്ടായ വിജയത്തിൽ അഭിമാനിക്കുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘11 വർഷത്തെ സേവനം’ എന്ന ഹാഷ്ടാഗോടെയായിരുന്നു മോദിയുടെ കുറിപ്പ്.
ന്യൂഡല്‍ഹി: ഓപറേഷന് സിന്ദൂറിലും മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേത് നിരുത്തരവാദപരമായ പ്രസ്താവനകളെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ. രാഹുലിന് ദൈവം സദ്ബുദ്ധി കൊടുക്കട്ടെ. മൂന്നാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 വര്‍ഷമായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കവെ, ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായ താന്‍ സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ വാർത്തസമ്മേളനം നടത്തുന്നതില്‍ തെറ്റൊന്നുമില്ലല്ലോയെന്നായിരുന്നു നഡ്ഡയുടെ ചോദ്യം.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതിയും വനിതാ സംവരണ നിയമവും നോട്ടുനിരോധനവുമൊക്കെ മോദി സര്‍ക്കാറിന്റെ ശ്രദ്ധേയമായ തീരുമാനങ്ങളാണ്. ഭീകരവാദത്തോട് സന്ധിയില്ലാത്ത നിലപാടാണ് പ്രധാനമന്ത്രിക്കുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം മോദി പറഞ്ഞത് നടപ്പിലാകുന്നതിന് രാജ്യം സാക്ഷിയായെന്നും നഡ്ഡ പറഞ്ഞു.
ജെ.ഡി.യുവിന്റെയും ടി.ഡി.പിയുടെയും പിന്തുണയിൽ എൻ.ഡി.എ സര്‍ക്കാറിന് സ്ഥിരതയില്ലെന്ന പ്രതിപക്ഷവാദം തള്ളിയ നഡ്ഡ, മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക മാത്രമല്ല അടുത്ത സര്‍ക്കാറുണ്ടാക്കുമെന്നും അവകാശപ്പെട്ടു. യു.പി.എ ഭരണകാലത്ത് അഴിമതിയും പ്രീണനരാഷ്ട്രീയവുമാണ് രാജ്യത്താകെ നിറഞ്ഞിരുന്നത്. മോദി വന്നശേഷം അത് മാറി. വികസിതഭാരത ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്- നഡ്ഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.