ന്യൂഡൽഹി: ജമ്മുവിലെ കഠ്വയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്ക് ഡൽഹി ഹൈകോടതി10 ലക്ഷം രൂപ വീതം പിഴയിട്ടു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത പി. മീത്തൽ, ജസ്റ്റിസ് സി. ഹരി ശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് 12 മാധ്യമ സ്ഥാപനങ്ങൾക്ക് പിഴ ശിക്ഷ വിധിച്ചത്. പണം ജമ്മു^കശ്മീരിലെ ബലാത്സംഗത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫണ്ടിലേക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയിൽ പേരോ ചിത്രമോ നൽകുന്നത് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മാധ്യമങ്ങളെ കോടതി ഓർമിപ്പിച്ചു. മാധ്യമങ്ങളിൽ ഇരയുടെ പേരും ചിത്രവും കണ്ട കോടതി സ്വമേധയ കേസ് എടുക്കുകയായിരുന്നു. നേരത്തേ, ഇരയെ തിരിച്ചറിയുന്ന രീതിയിൽ വാർത്ത നൽകിയ മാധ്യമസ്ഥാപനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടർന്ന്, മാധ്യമങ്ങൾ മാപ്പപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ടൈംസ് ഒാഫ് ഇന്ത്യ, ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, ദ പയനിയർ, നവഭാരത് ടൈംസ്, എൻ.ഡി.ടി.വി, ഫസ്റ്റ്പോസ്റ്റ്്, ദ വീക്ക്, റിപ്പബ്ലിക് ടി.വി, ഡെക്കാൻ ക്രോണിക്കിൾ, ഇന്ത്യ ടി.വി, ഇന്ത്യൻ എക്സ്പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങൾക്കാണ് പിഴ. കേസിെൻറ തുടർനടപടികൾക്കായി വാദം കേൾക്കൽ ഏപ്രിൽ 25േലക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.