ജാതിവിവേചനത്തെ തുടർന്ന് ബംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി

ബംഗളൂരു: കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് ബംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദലിത് പ്രഫസര്‍മാര്‍ രാജിവെച്ചു. വിവേചനം കാരണം ആനുകൂല്യങ്ങള്‍ അടക്കം നിഷേധിച്ചെന്നും അധിക ഉത്തരവാദിത്തങ്ങള്‍ നല്‍കി കഷ്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ കൂട്ടരാജി.

അധ്യാപകര്‍ എന്ന നിലക്കുള്ള ഉത്തരവാദിത്തതിന് പുറമെ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു.  അമിത ജോലിഭാരം മൂലം ആവശ്യത്തിനുള്ള അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി.

കൂടുതല്‍ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നല്‍കുമ്പോഴും അതിനെ ഇന്‍ ചാര്‍ജ് എന്ന് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. കൂടാതെ ആര്‍ജിത അവധികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും സര്‍വകലാശാല രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ അധ്യാപകര്‍ ആരോപിച്ചു.

തങ്ങൾ ഉന്നയിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടെന്നും പ്രഫസര്‍മാരുടെ കത്തില്‍ പറയുന്നു. ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ പറയുന്നത്.

അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. സി. സോമശേഖര്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ വകുപ്പ് ഡയറക്ടര്‍ നാഗേഷ് പി.സി, പി.എം-ഉഷ കോര്‍ഡിനേറ്റര്‍ സുദേഷ്. വി, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ മുരളീധര്‍ ബി.എല്‍. എന്നിവരും രാജിവെച്ച  പ്രഫസര്‍മാരില്‍ ചിലരാണ്.

Tags:    
News Summary - 10 Dalit professors resign from administrative roles at Bangalore University alleging discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.