ലാലുവിന്റെ കുടുംബത്തിൽനിന്ന് കണക്കിൽപെടാത്ത ഒരു കോടി പിടിച്ചതായി ഇ.ഡി

ന്യൂഡൽഹി: ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളിൽനിന്ന് കണക്കിൽപെടാത്ത ഒരു കോടി രൂപ ക​ണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

600കോടി രൂപയുടെ അഴിമതിയും കണ്ടെത്തിയതായി അറിയിച്ചു. ഇവർ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ മേഖലകളിൽ നടത്തിയ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റേതടക്കം നിരവധി സ്ഥലങ്ങളിൽ ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ഇന്നലെ തേജസ്വി യാദവിന്‍റെ വസതിയിലുൾപ്പടെ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ രൂക്ഷ വിമർശനുമായി രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബി.ജെ.പി ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

"അടിയന്തരാവസ്ഥയുടെ ഇരുണ്ട ഘട്ടത്തെ വരെ ഞങ്ങൾ നേരിട്ടു. ഇന്ന് എന്റെ പെൺമക്കളെയും കൊച്ചുമകളെയും ഗർഭിണിയായ മരുമകളെയും അടിസ്ഥാനരഹിതമായ കേസിന്‍റെ പേരിൽ 15 മണിക്കൂറോളമാണ് ഇ.ഡി ബുദ്ധിമുട്ടിച്ചത്. രാഷ്ട്രീയ യുദ്ധത്തിന് വേണ്ടി തരംതാഴ്ന്ന പ്രവർത്തിയാണ് ബി.ജെ.പി നടുത്തുന്നത്"- ലാലു പ്രസാദ് യാദവ് പറഞ്ഞു. ഞാൻ ഒരിക്കലും ബി.ജെ.പിക്ക് മുന്നിൽ തലകുനിച്ചിട്ടില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടം ഇനിയും തുടരും. എന്‍റെ കുടുംബത്തിൽ നിന്നോ പാർട്ടിയിൽ നിന്നോ ആരും അവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - ₹1 cr unaccounted cash, ₹600 cr crime proceeds found in raids on Lalu family: ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.