ന്യൂഡൽഹി: രാജ്യത്തെ വിത്തുനിയമം മാറുന്നു; കോടിക്കണക്കിന് കർഷകരെ ബാധിക്കുന്ന പുതിയ ബില്ലിന്റെ കരട് കേന്ദ്രഗവൺമെന്റ് പുറത്തിറക്കി. ഇതോടെ 1966 മുതൽ രാജ്യത്ത് നിലവിലുള്ള വിത്തു നിയമം ഇല്ലാതായി, പുതിയ നിയമം നിലവിൽ വരും.
പുതിയ ഡ്രാഫ്റ്റ് പ്രകാരം ഇനി കർഷകർ അവരുടെ വിത്തുകൾ രജിസ്റ്റർ ചെയ്യണം. നിയമം ലംഘിക്കുന്നവരുടെ ശിക്ഷയും കടുപ്പിക്കും. ബിൽ മുന്നോട്ടുവെക്കുന്നത് എല്ലാ വിത്തുകളും രജിസ്ററർ ചെയ്യണമെന്നും ലംഘിക്കുന്നവർക്ക് 3 വർഷം തടവും 3 ലക്ഷം രൂപ വരെ പിഴയുമാണ്.
ഗവൺമെന്റ് നോട്ടിഫൈ ചെയ്യുന്ന വിത്തുകൾക്ക് മാത്രമാണ് നിലവിൽ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ. വിത്തുകൾക്ക് രജിസ്ട്രേഷൻ നിർബന്ധവുമല്ല. എന്നാൽ കൊമേഴ്സ്യൽ വിളകൾക്കും പ്ലാന്റേഷനുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ഇതാണ് ഇനി മൊത്തത്തിൽ നടപ്പാക്കുന്നത്.
കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാക്കാനും കൂടുതൽ ഉത്പാദനം ഉറപ്പുവരുത്താനുമാണ് ഇതെന്നാണ് കേന്ദ്രം പറയുന്നത്. നിലവിൽ ആറുമാസം വരെ ജയിൽ ശിക്ഷയോ ആയിരം രൂപ പിഴയോ ആണ് ലംഘിക്കുന്നവർക്കുള്ളത്.
കർഷകർക്കുള്ള തരവും കയറ്റിഅയക്കലിനായി നിശ്ചയിച്ചിട്ടുള്ളതുമല്ലാത്ത ഒരു വിത്തും വിൽക്കാൻ പാടില്ല എന്നാണ് പുതിയ നിയമം പറയുന്നത്. എല്ലാ വിത്തുകളുടെയും നിലവാരം കൂട്ടുമെന്ന് ബിൽ പറയുന്നു.
2004 ൽ നിലവിലുള്ള നിയമം പരിഷ്‍കരിക്കാൻ അന്നത്തെ ഗവൺമെന്റ് ശ്രമം നടത്തിയതാണ്. രാജ്യസഭയിൽ ബില്ലവതരിപ്പിച്ചിരുന്നു. പിന്നീട് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. എന്നാൽ അത് പിന്നീട് നിയമമായില്ല.
തുടർന്ന് രാജ്യത്ത് നിലവാരമില്ലാത്ത വിത്തുകൾ പ്രചരിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര മന്ത്രി രാംനാഥ് താക്കൂർ പാർലമെന്റിൽ നൽകിയ മറുപടിപ്രകാരം കഴിഞ്ഞ മൂന്നു വർഷത്തിനിടെ 43,001 വിത്തുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. ഇതിൽ ഏറ്റവും കുടുതൽ ബംഗാളിലായിരുന്നു. തുടർന്ന് തമിഴ്നാട്ടിലും മധ്യപ്രദേശിലും.
ഇക്കാലയളവിൽ വളങ്ങളും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. 5,27,814 സാമ്പിളുകൾ പരിശോധിച്ചതിൽ 28,303 എണ്ണവും നിലവാരമില്ലാത്തതായിരുന്നു. രാജ്യത്ത് വേണ്ടിവരുന്ന വിത്തിന്റെ എണ്ണം 53.15 ലക്ഷം ടണ്ണാണെങ്കിൽ നിലവിൽ 48.20 ലക്ഷം ടൺ മാത്രമേ ലഭിക്കുന്നുള്ളൂ. 40,000 കോടിയുടേതാണ് ഇന്ത്യയുടെ വിത്തു മാർക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.