ബീമറി​െൻറ തുറുപ്പ്ശീട്ട്

മെഴ്സിഡസ് ബെന്‍സിന് ഇ ക്ലാസ്പോലെയാണ് ബി.എം.ഡബ്ല്യുവിന് ഫൈവ് സീരീസ്. ബെസ്റ്റ് സെല്ലറുകള്‍ അല്ലെങ്കിലും ഇരു കമ്പനികളുടെയും ക്ലാസ് തീരുമാനിക്കുന്നത് ഈ കാറുകളാണ്. എസ് ക്ലാസെന്നും സെവന്‍ സീരീസെന്നും പറഞ്ഞ് ഇതിലും ഉയര്‍ന്ന മോഡലുകള്‍ ബെന്‍സും ബീമറും പുറത്തിറക്കുന്നുണ്ട്. പക്ഷേ, വിലക്കൂടുതല്‍ കാരണം അതിസമ്പന്നര്‍ക്ക് മാത്രമേ ഇവ വാങ്ങാന്‍ കഴിയൂ. അപ്പോള്‍ സമ്പന്നരിലെ സാധാരണക്കാരന് സ്വന്തമാക്കാവുന്ന ആഡംബര തികവാര്‍ന്ന വാഹനങ്ങളാണ് ഫൈവ് സീരീസും ഇ ക്ലാസുമെന്ന് പറയാം. കുറച്ചുനാളുകള്‍ക്കുമുമ്പ് ബെന്‍സ് ഇ ക്ലാസിനെ പരിഷ്കരിച്ചിരുന്നു. അതില്‍ ഏറ്റവും ആകര്‍ഷകമായ ഘടകം എക്സ്റ്റന്‍ഡഡ് വീല്‍ബേസ് എന്ന വിഭാഗത്തിെൻറ ഇന്ത്യയിലേക്കുള്ള കടന്നുവരവാണ്. പിന്‍സീറ്റുകള്‍ വിശാലമാക്കുകയും എസ് ക്ലാസില്‍ ഉണ്ടായിരുന്ന പല മേന്മകളും ഇ യിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. ബീമറും ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.

നീളം കൂട്ടിയില്ലെങ്കിലും സെവന്‍ സീരീസിലെ ചില പ്രത്യേകതകള്‍ കൂട്ടിയിണക്കിയും അകത്തും പുറത്തും ആധുനികത ഉള്‍പ്പെടുത്തിയുമാണ് പുതിയ ഫൈവ് സീരീസ് എത്തുന്നത്. സെവന്‍ സീരീസിലൂടെ അവതരിപ്പിച്ച ആംഗ്യങ്ങളിലൂടെയുള്ള നിയന്ത്രണങ്ങള്‍, പുറത്തുനിന്ന് റിമോട്ട് ഉപയോഗിച്ച് വാഹനം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനുള്ള സംവിധാനം തുടങ്ങിയ അത്യാധുനിക മാറ്റങ്ങള്‍ ഇവിടെയുമുണ്ട്. സ്റ്റിയറിങ്ങിലെ കൃത്യതയിലും വളവുകള്‍ തിരിയുന്നതിലെ ചടുലതയിലും അകത്തളത്തിലെ ഭംഗിയിലും പുതിയ വാഹനം ഏറെ മുന്നോട്ട് പോയെന്നുപറയാം.

ഡീസല്‍ പെട്രോള്‍ എൻജിനുകള്‍ ലഭ്യമാണ്. ഉയര്‍ന്ന മോഡലിലെ ആറ് സിലിണ്ടര്‍ 2992 സി.സി ടര്‍ബോ ഡീസല്‍ എൻജിന്‍ 265 ബി.എച്ച്.പി കരുത്തും 620 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കും.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. വെറും 5.7 സെക്കൻറുകൊണ്ട് പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ സ്പീഡിലെത്തും. കുറഞ്ഞ മോഡലുകള്‍ക്ക് നാല് സിലിണ്ടര്‍ എൻജിനുകളും നല്‍കിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ എൻജിന്‍ 252 ബി.എച്ച്.പിയും ഡീസല്‍ 190 ബി.എച്ച്.പിയും ഉൽപാദിപ്പിക്കും. വാഹനത്തിന് നമുക്ക് സ്പോർട്സ്, കംഫര്‍ട്ട് എന്നിങ്ങനെ വിവിധ മോഡുകള്‍ തെരഞ്ഞെടുക്കാനാകും. എന്നാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് വാഹനംതന്നെ പലതരം മോഡുകളിലേക്ക് അനായാസം പോകുന്ന അഡാപ്ടീവ് മോഡ് എന്ന ആധുനിക സംവിധാനവും ഫൈവ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉള്ളിലെ ആഢംബരങ്ങളില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ലെഗ്റൂമുകളും ഹെഡ്റൂമുകളും ധാരാളം. പിന്നിലെ സ്ഥലസൗകര്യം ബെന്‍സ് ഈ ക്ലാസിനോളം വരില്ല. പ്രത്യേകിച്ചും പുതിയ എക്സ്റ്റൻറഡ് വീല്‍ബേസ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍. നിലവാരംകുറഞ്ഞ ഒറ്റ ഭാഗങ്ങളും വാഹനത്തിന് ഉള്ളിലില്ല. മുന്നിലെ ഫിറ്റിലും ഫിനിഷിലും ബെന്‍സിനെക്കാള്‍ അൽപം ഉയരെയാണ് ബീമര്‍ എന്ന് പറയേണ്ടിവരും. മുന്നിലെ സീറ്റുകള്‍ ആവശ്യത്തിലധികം വലുപ്പമുള്ളതാണ്. ഐ ഡ്രൈവ് സംവിധാനം എല്ലാക്കാലത്തേതിനെക്കാളും മികച്ചതായിട്ടുണ്ട്. ഇന്‍സ്ട്രമെൻറ് പാനല്‍ ഡിജിറ്റലാണ്. ടച്ച് സ്ക്രീനുകള്‍ അപാരമായ കൃത്യതയോടെ പ്രവര്‍ത്തിക്കും. മ്യൂസിക് സിസ്റ്റത്തിെൻറ ശബ്ദം കൂട്ടുക, കുറക്കുക പാട്ട് മാറ്റുക തുടങ്ങിയവയൊക്കെ ആംഗ്യത്തിലൂടെ നിയന്ത്രിക്കാനാകും. 530 ലിറ്റര്‍ ബൂട്ടാണ്. പതിവില്ലാതെ ഒരു സ്പെയര്‍ വീലും ഇത്തവണ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വില 65 ലക്ഷത്തില്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ

Tags:    
News Summary - bmw new five series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.