ഹ്യുണ്ടായ് ക്രെറ്റ
മിഡ്-സൈസ് എസ്.യു.വി വിപണിയിൽ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ചുക്കൊണ്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. 2025 കലണ്ടർ വർഷത്തിൽ 2,00,000 യൂനിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ക്രെറ്റ ചരിത്രപരമായ നേട്ടം കൈവരിച്ചു. ഈ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 550 ക്രെറ്റകൾ വിൽക്കപ്പെടുന്നുണ്ട്, അതായത് ഓരോ മണിക്കൂറിലും ഏകദേശം 23 ക്രെറ്റകൾ വീതം ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു.
കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ വിപണിയിലുള്ള ക്രെറ്റ, 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്.യു.വി എന്ന പദവി നിലനിർത്തുകയാണ്. നിലവിൽ മിഡ്-സൈസ് എസ്.യു.വി വിഭാഗത്തിൽ 34 ശതമാനത്തിലധികം വിപണി വിഹിതം ക്രെറ്റക്കുണ്ട്. 2016നും 2025നും ഇടയിൽ 9 ശതമാനത്തിലധികം വാർഷിക വളർച്ചാ നിരക്കാണ് മോഡൽ രേഖപ്പെടുത്തിയത്.
വാഹന വിപണിയിൽ ഓപ്ഷനുകൾ ഒട്ടനവധി ആയതോടെ ഉപഭോക്താക്കളുടെ താൽപര്യങ്ങളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനനുസരിച്ച് മുന്നേറാൻ കമ്പനിക്ക് സാധിച്ചതാണ് ക്രെറ്റയുടെ ഈ വലിയ വിജയത്തിന് പിന്നിൽ. 2020ൽ ആദ്യമായി കാർ വാങ്ങുന്നവരുടെ കണക്കെടുത്താൽ 13 ശതമാനമായിരുന്നെങ്കിൽ 2025ൽ ഇത് 32 ശതമാനമായി ഉയർന്നു. വിറ്റഴിക്കപ്പെടുന്ന 70 ശതമാനത്തിലധികം ക്രെറ്റകളും സൺറൂഫ് സൗകര്യമുള്ള വേരിയന്റുകളാണ്. കൂടാതെ മൊത്തം വിൽപ്പനയുടെ 44 ശതമാനവും ഡീസൽ എൻജിൻ മോഡലുകളാണ് എന്നതും ശ്രദ്ദേയമാണ്.
ഇന്ത്യയിൽ ക്രെറ്റയുടെ യാത്ര അസാധാരണമാണ്. ഒരു വർഷം രണ്ട് ലക്ഷത്തിലധികം യൂനിറ്റുകൾ വിൽക്കുക എന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ ഡിസിഗ്നേറ്റ് തരുൺ ഗാർഗ് പറഞ്ഞു.
മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽത്തോസ്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള കടുത്ത മത്സരം നിലനിൽക്കുമ്പോഴും ക്രെറ്റയുടെ ജനപ്രീതിക്ക് കാരണം അതിന്റെ വിവിധ എൻജിൻ ഓപ്ഷനുകളാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എൻജിനുകൾ ക്രെറ്റക്ക് ലഭിക്കുന്നു. അതോടൊപ്പം ജോടിയിണക്കിയ മാനുവൽ, ഐ.വി.റ്റി (IVT), ടോർക്ക് കൺവെർട്ടർ, ഡി.സി.ടി (DCT) ഓട്ടോമാറ്റിക് ഓപ്ഷനുകളും വാഹനത്തിനുണ്ട്.
ഐ.സി.ഇ വാഹനങ്ങളെ കൂടാതെ ഒരു ഇലക്ട്രിക് പതിപ്പും ക്രെറ്റക്കുണ്ട്. 42 kWh, 51.4 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലെ ആദ്യ ബാറ്ററി 420 കിലോമീറ്റർ റേഞ്ചും രണ്ടാമത്തെ ബാറ്ററി 510 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യുന്നുണ്ട്. റെനോ ഡസ്റ്റർ പോലുള്ള പുതിയ മോഡലുകൾ വിപണിയിലേക്ക് വരാനിരിക്കെ, വരും വർഷങ്ങളിലും ഇതേ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.