സാന്‍ട്രോ കാര്‍ ഉല്‍പാദനം നിര്‍ത്തുന്നു

ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കളുടെ പ്രിയങ്കരനായിരുന്ന സാന്‍ട്രോ കാറിന്‍െറ ഉല്‍പാദനം ഹുണ്ടായി അവസാനിപ്പിക്കുന്നു. നവംബര്‍ അവസാനത്തോടെ ഉല്‍പാദനം നിര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. എന്നിരുന്നാലും കാറിന്‍െറ വില്‍പനയും സര്‍വീസും സ്പെയര്‍ പാര്‍ട്സ് വിതരണവും തുടരുമെന്ന് ഹുണ്ടായി വൃത്തങ്ങള്‍ അറിയിച്ചു. വില്‍പന ഇടിഞ്ഞ സാന്‍ട്രോക്ക് പകരം ഐ ടെന്‍, ഇയോണ്‍ തുടങ്ങിയ കാറുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. തെക്കന്‍ കൊറിയന്‍ കാര്‍ കമ്പനിയായ ഹുണ്ടായി 1998 ഒക്ടോബറിലാണ് സാന്‍ട്രോ പുറത്തിറക്കിയത്. 
ഹുണ്ടായിയുടെ ഏറ്റവും മികച്ച കാറായാണ് സാന്‍ട്രോയെ വിലയിരുത്തുന്നത്. ബോളിവുഡ്  താരം ഷാറൂഖ് ഖാനായിരുന്നു കാറിന്‍െറ അംബാസഡര്‍. ഇന്ത്യയില്‍മാത്രം 13 ലക്ഷത്തിലേറെ സാന്‍ട്രോ കാറുകളാണ് ഇതിനകം വിറ്റുപോയത്. ലോകത്ത് മൊത്തം 18 ലക്ഷം സാന്‍ട്രോ വിറ്റു. മിക്ക വാഹന നിര്‍മാതാക്കളും ഒരുകാലത്ത് ജനപ്രിയമായിരുന്ന കാറുകളുടെ ഉല്‍പാദനം നിര്‍ത്തിയ സാഹചര്യത്തിലാണ് സാന്‍ട്രോയുടെയും അന്ത്യം. മാരുതി 800, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്‍െറ അംബാസഡര്‍, ഷെവര്‍ലെ സ്പാര്‍ക്, ടൊയോട്ട ക്വാളിസ്, ബജാജ് സ്കൂട്ടര്‍ തുടങ്ങിയ വാഹനങ്ങളുടെ ഉല്‍പാദനമാണ് ഇതുവരെ ഇന്ത്യയില്‍ നിര്‍ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.