പത്തനംതിട്ട: ഒരുകാലത്ത് നിരത്തുകളിൽ ‘രാജാവായി’ വാണിരുന്നവർ വീണ്ടും ഒത്തുകൂടുന്നു. വിന്റേജ് ക്ലാസിക് സ്കൂട്ടർ ക്ലബിന്റെ നേതൃത്വത്തിലാണ് പത്തനംതിട്ടയിൽ വിന്റേജ് സ്കൂട്ടർ സംഗമം ഒരുക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മിനി ഓഡിറ്റോറിയത്തിലാണ് പഴയകാല സ്കൂട്ടറുകളും അവയുടെ ഉടമകളും ഒത്തുചേരുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിന്റേജ് സ്കൂട്ടർ സംഗമമായിരിക്കും ഇതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന് പുറമെ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുമായി 200ഓളം സ്കൂട്ടറുകൾ പത്തനംതിട്ടയിലെത്തും.
കെൽവിനേറ്റർ, ലാബി, വിജയ് സൂപ്പർ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ടാകും. 68 മോഡൽ സ്കൂട്ടറുകൾ അടക്കമുണ്ടാകും. ഉച്ചക്കുശേഷം ഇവയുമായി നഗരത്തിൽ റാലിയും നടക്കും. ഇത്തരം സ്കൂട്ടറുകൾ സ്വന്തമായിട്ടുളളവർ ചേർന്ന് ഒമ്പത് വർഷംമുമ്പ് രൂപ നൽകിയ സംഘടനയാണ് വിന്റേജ് ക്ലാസിക് സ്കൂട്ടർ ക്ലബ്. എല്ലാവർഷവും ഒത്തുചേരൽ നടത്താറുണ്ടെന്നും ഇവർ പറഞ്ഞു.
ജനറൽ കൺവീനർ അലക്സാണ്ടർ മാത്യു ഏബ്രഹാം, റോയി സി.സാം, അരുൺ മാത്യൂ നൈനാൻ, നിധിൻ എസ്. ജോർജ്, വിനോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.