ലാൻഡ് റോവർ ഡിഫൻഡർ 110

ഇന്ത്യ-യൂറോപ്യൻ യൂനിയൻ വ്യാപാര കരാർ: ടൊയോട്ട ഫോർച്യൂണറിന്റെ വിലയിൽ ലാൻഡ് റോവർ ഡിഫൻഡറോ?

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) ഒപ്പിട്ടതോടെ രാജ്യത്തെ ആഡംബര വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. ഈ ഉടമ്പടി കരാർ വഴി യൂറോപ്പിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന (സി.ബി.യു) കാറുകളുടെ ഇറക്കുമതി തീരുവയിൽ വൻ കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ജനപ്രിയ എസ്‌.യു.വിയായ ലാൻഡ് റോവർ ഡിഫൻഡറിന്റെ വിലക്കുറവാണ്.

നിലവിൽ ലാൻഡ് റോവർ ഡിഫൻഡർ 110 മോഡലിന് ഇന്ത്യയിൽ ഏകദേശം 1.03 കോടി രൂപയാണ് എക്സ്-ഷോറൂം വില. ഇതിൽ 110 ശതമാനം ഇറക്കുമതി തീരുവയും (Import Duty) 40 ശതമാനം ജി.എസ്.ടിയും ഉൾപ്പെടുന്നു. പുതിയ കരാർ പ്രകാരം ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി കുറയും. ആദ്യഘട്ടത്തിൽ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയുമ്പോൾ ഡിഫൻഡറിന്റെ വില 68.6 ലക്ഷം രൂപയായി താഴാൻ സാധ്യതയുണ്ട്. എന്നാൽ കാലക്രമേണ തീരുവ 10 ശതമാനമായി കുറയുന്നതോടെ ഡിഫൻഡറിന്റെ വില ഏകദേശം 53.9 ലക്ഷം രൂപയിലേക്ക് എത്തിയേക്കാം.

ലാൻഡ് റോവർ ഡിഫൻഡറിന്റെ വില പകുതിയോളം കുറയുമെങ്കിലും ടൊയോട്ട ഫോർച്യൂണറിനേക്കാൾ വില കുറയാൻ സാധ്യതയില്ല. നിലവിൽ ഫോർച്യൂണറിന്റെ വില 34.16 ലക്ഷം മുതൽ 49.59 ലക്ഷം രൂപ വരെയാണ്. ഡിഫൻഡറിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 53.9 ലക്ഷം രൂപയായിരിക്കുമെന്നതിനാൽ ഫോർച്യൂണർ തന്നെയാകും വിപണിയിലെ 'ബജറ്റ് ഫ്രണ്ട്‌ലി' കരുത്തൻ. എങ്കിലും, ആഡംബര വാഹന വിഭാഗത്തിൽ ഡിഫൻഡർ കൂടുതൽ മത്സരക്ഷമമാകും.

പുതിയ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നെങ്കിലും എല്ലാ കാറുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല. പ്രതിവർഷം 2.5 ലക്ഷം യൂനിറ്റുകൾക്ക് മാത്രമാണ് ഈ കുറഞ്ഞ നികുതി നിരക്ക് ബാധകമാകുക. യൂറോപ്പിൽ നിർമ്മിച്ച് നേരിട്ട് ഇന്ത്യയിലേക്ക് എത്തിക്കുന്ന (സി.ബി.യു) മോഡലുകൾക്ക് മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. കരാർ പൂർണ്ണമായി നടപ്പിലാക്കാൻ ഒരു വർഷത്തിലധികം സമയം എടുത്തേക്കാം. പുതുക്കിയ വിലകൾ 2028ഓടെ മാത്രമേ വിപണിയിൽ പ്രതിഫലിക്കൂ എന്നാണ് റിപ്പോർട്ടുകൾ. മെഴ്‌സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു, ഔഡി, സ്കോഡ, ഫോക്സ്‌വാഗൺ തുടങ്ങിയ മറ്റ് യൂറോപ്യൻ ബ്രാൻഡുകൾക്കും ഈ കരാർ ഗുണകരമാകും.

Tags:    
News Summary - India-European Union trade deal: Land Rover Defender at the price of Toyota Fortuner?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.