തിരുവനന്തപുരം: വിവാദമായ കെ. റെയിൽ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയിൽ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ച് സംസ്ഥാന ബജറ്റ്. പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് ബജറ്റ് വിഹിതം അനുവദിച്ചത്. നാല് ഘട്ടങ്ങളിലായി അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരം-തൃശ്ശൂർ, തൃശ്ശൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കാസർകോട് എന്നിങ്ങനെയാണ് നാല് ഘട്ടങ്ങൾ. ഉയർന്ന തൂണുകളിലൂടെയുള്ള ഈ ഗതാഗത സംവിധാനം നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ സാധിക്കും. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കി.മീറ്റർ നീളത്തിൽ റീജണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പദ്ധതിക്ക് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തത്വത്തിൽ അംഗീകാരം നൽകിയത്. സിൽവർ ലൈൻ അർധ അതിവേഗ (സെമി ഹൈ സ്പീഡ്) പാതയായിരുന്നെങ്കിൽ നിർദിഷ്ട പദ്ധതി അതിവേഗ (ഹൈ സ്പീഡ്) പാതയാണ്. സിൽവർ ലൈനിലെ കടുത്ത ജനകീയ പ്രതിഷേധം ഉൾക്കൊണ്ട് ഭൂമി ഏറ്റെടുക്കൽ പരമാവധി കുറച്ചും പരിസ്ഥിതിയെ അധികം പരിക്കേൽപിക്കാതെയും തൂണുകളിലൂടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിയിൽ സംസ്ഥാനത്തിന്റെ താൽപര്യം അറിയിച്ച് കേന്ദ്ര സർക്കാറിന് കത്ത് നൽകും. ഇതിനാവശ്യമായ കൂടിയാലോചന ആരംഭിക്കാൻ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചാൽ ധാരണ പത്രത്തിൽ ഒപ്പുവെക്കും. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതിക്ക് ഗതാഗത വകുപ്പ് മന്ത്രിസഭക്ക് സമർപ്പിക്കും.
160 - 180 കി.മീ വേഗം മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവ അതിവേഗ റെയിൽ (ആർ.ആർ.ടി.എസ്) പദ്ധതിയെ കേരളത്തിന് അനുയോജ്യമാക്കുമെന്ന് സർക്കാർ. ഡൽഹി - മീററ്റ് ആർ.ആർ.ടി.എസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആർ ആർ.ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായി ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളിൽ കൂടി) ആയി നടപ്പിലാക്കാൻ കഴിയും.
സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഭൂപ്രകൃതിയും കണക്കിലെടുത്ത്, തൂണുകൾ വഴിയുള്ള മോഡലാണ് സ്വീകരിക്കുക. ഇതിലൂടെ ഭൂമിയേറ്റെടുക്കൽ ഗണ്യമായി കുറക്കാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളിൽ ഉയർന്ന അഭിപ്രായ വ്യത്യാസങ്ങൾ കുറക്കാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്മെന്റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.
ആർ.ആർ.ടി.എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നു. നിലവിലെ കൊച്ചി മെട്രോയുമായും, ഭാവിയിൽ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളും ആർ.ആർ.ടി.എസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കൽ സാധ്യമാകും.
പദ്ധതിച്ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ, 20 ശതമാനം കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ഡൽഹി ആർ.ആർ.ടി.എസ് നടപ്പിലാക്കുന്നത്. ഇതേ മാതൃകയാണ് കേരളത്തിലും സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.