മഹീന്ദ്ര ബിഇ 6

മഹീന്ദ്ര ബിഇ 6 ഇലക്ട്രിക് എസ്‌.യു.വിക്ക് തീപിടിച്ചു; കാരണം ബാറ്ററിയല്ലെന്ന് കമ്പനി!

ലഖ്‌നൗ: മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ബിഇ 6 എസ്‌.യു.വിക്ക് ഹൈവേയിൽ വെച്ച് തീപിടിച്ച സംഭവത്തിൽ പ്രതികരണവുമായി കമ്പനി. ഉത്തർപ്രദേശിലെ ഹാപൂരിനടുത്തുള്ള കുരാന ടോൾ പ്ലാസക്ക് സമീപമാണ് സംഭവം. വാഹനം ഓടിക്കൊണ്ടിരിക്കെ പുക ഉയരുകയും പിന്നീട് വലിയ തീപിടിത്തത്തിൽ വാഹനം പൂർണ്ണമായി കത്തി നശിക്കുകയുമായിരുന്നു. വാഹന ഉടമ അമൻ ഖർബന്ദയും സഹ യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇലക്ട്രിക് വാഹനങ്ങളിൽ സാധാരണയായി ഉണ്ടാകാറുള്ള ബാറ്ററി തകരാറല്ല ഈ അപകടത്തിന് പിന്നിലെന്ന് മഹീന്ദ്ര പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കി. കമ്പനിയുടെ കണ്ടെത്തലുകൾ ഇപ്രകാരമാണ്:

ടയറിലെ തകരാർ

കാറിന്റെ പിൻവശത്തുള്ള വലതുഭാഗത്തെ ടയർ പൂർണ്ണമായും കാറ്റ് പോയ (Deflated) അവസ്ഥയിലായിരുന്നു. ഈ അവസ്ഥയിൽ 60 കിലോമീറ്റർ വേഗതയിൽ ഏകദേശം പത്ത് മിനിറ്റിലധികം വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്.

അമിതമായ ചൂട്

കാറ്റ് പോയ ടയർ റോഡുമായി ഉരസി അമിതമായ ഘർഷണം (Friction) ഉണ്ടാവുകയും, ഇത് ടയർ റബ്ബർ ഉരുകി തീപിടിക്കാൻ കാരണമാവുകയും ചെയ്തു.

മുന്നറിയിപ്പുകൾ അവഗണിച്ചു

ടയറിലെ മർദ്ദം കുറവാണെന്നും താപനില കൂടുന്നുണ്ടെന്നും കാറിലെ സെൻസറുകൾ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യാത്രക്കാർ ഇത് ശ്രദ്ധിക്കാതെ യാത്ര തുടർന്നു.

ബാറ്ററി സുരക്ഷിതം

വാഹനത്തിന്റെ ഹൈ-വോൾട്ടേജ് ബാറ്ററിയും മോട്ടോറും പരിശോധിച്ചതിൽ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും കമ്പനി സ്ഥിരീകരിച്ചു. അപകടസമയത്ത് വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെന്ന് പരിശോധനക്ക് ശേഷം മഹീന്ദ്ര അറിയിച്ചു. ടയറിലെ താപനില പരിധി ലംഘിച്ചതോടെ സിസ്റ്റം ഓട്ടോമാറ്റിക്കായി വാഹനത്തിന്റെ വേഗത കുറയ്ക്കുകയും വാഹനം നിർത്തുകയും ചെയ്തു. ഇത് യാത്രക്കാർക്ക് സുരക്ഷിതമായി പുറത്തിറങ്ങാൻ സമയം നൽകി.

മഹീന്ദ്രയുടെ ബിഇ 6, എക്സ് ഇവി 9ഇ എന്നീ മോഡലുകൾ വിൽപ്പനയിൽ വലിയ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയിൽ സൃഷ്ട്ടിച്ചത്. പുറത്തിറങ്ങി അഞ്ച് മാസത്തിനുള്ളിൽ 20,000 യൂനിറ്റുകളുടെ ബുക്കിങ് ഈ വാഹനങ്ങൾ നേടിയിരുന്നു. ഈ അപകടം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയെങ്കിലും, കൃത്യമായ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വർധിപ്പിക്കുകയാണ് കമ്പനി ചെയ്തത്. 

Tags:    
News Summary - Mahindra BE6 electric SUV catches fire; company says battery not the cause

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.