പ്രതീകാത്മക ചിത്രം

ഇന്ത്യ-യൂറോപ്യൻ യൂനിയൻ വ്യാപാര കരാർ; പ്രതീക്ഷയോടെ വാഹന പ്രേമികൾ

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതോടെ ഇന്ത്യൻ വാഹന വിപണിയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ. സ്വാതന്ത്ര കരാർ യാഥാർഥ്യമായതോടെ ആഡംബര കാറുകളുടെ നികുതിയിൽ വലിയ മാറ്റങ്ങൾ വരും. ഇത് രാജ്യത്ത് വിദേശ നിർമിത വാഹനങ്ങളുടെ വില കുറയാൻ കാരണമാകും.

നിലവിൽ യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 100 ശതമാനത്തിലധികം ഇറക്കുമതി തീരുവ നൽകണമായിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം 15,000 യൂറോക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകൾക്ക് തീരുവ ഇനത്തിൽ 40 ശതമാനം നൽകിയാൽ മതിയാകും. കാലക്രമേണ ഇത് 10 ശതമാനമായി കുറയും. കൂടാതെ ഇന്ത്യൻ വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ചെറുകാറുകൾ യുറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കില്ല. പകരം അവ ഇന്ത്യയിൽ തന്നെ നിർമിക്കാൻ സാധിക്കും.

സ്വതന്ത്ര വ്യാപാര കരാറിൽ പ്രതികരിച്ച പ്രധാന കമ്പനികൾ

മെഴ്‌സിഡസ് ബെൻസ് ഇന്ത്യ

ഇന്ത്യ-യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായതോടെ രാജ്യത്ത് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. പുതിയ കരാറിനെ സന്തോഷത്തോടെയാണ് കമ്പനി സ്വീകരിക്കുന്നത്. ഇത് കമ്പനിയുടെ ആഡംബര കാറുകളുടെ വിൽപ്പനയിൽ വർധനവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളുടെ വിലയിൽ വരുന്ന മാറ്റത്തിനൊപ്പം വാഹനങ്ങളുടെ പാർട്സുകളുടെ വിലയിലും മാറ്റം വരും. ഇതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ മാത്രം വിൽപ്പന നടത്തിയിരുന്ന ടോപ്-എൻഡ് മോഡലുകൾ രാജ്യത്തും ലഭിക്കുമെന്ന് സന്തോഷ് അയ്യർ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ)

'ഇന്ത്യ-യൂറോപ്പ് വ്യാപാര കരാർ, ഓട്ടോമോട്ടീവ് മേഖലയിൽ ഒരു പ്രധാന നാഴികക്കല്ലാണ്. എഫ്‌.എ.ഡി.എയ്ക്ക് അതിന്റെ രൂപീകരണത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്' എന്ന് എഫ്‌.എ.ഡി.എ പ്രസിഡന്റ് സി.എസ് വിഘ്‌നേശ്വർ പറഞ്ഞു. ബഹുമാനപ്പെട്ട വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലിന്റെ അഭ്യർത്ഥനപ്രകാരം, എഫ്‌.എ.ഡി.എ ഒരു കേന്ദ്രീകൃത പഠനം നടത്തിയിട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത യൂറോപ്യൻ ഒ.ഇ.എമ്മുകളിൽ (ഒറിജിനൽ എക്യു്പ്മെന്റ് മാനുഫാക്ച്ചർ) നിന്നുള്ള നിർദ്ദേശങ്ങളുടെ ഡാറ്റ വിശകലനം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളുടെ കാലിബ്രേറ്റഡ് താരിഫ് ഗ്ലൈഡ് പാത്ത്, ടി.ക്യു.ആർ സുരക്ഷാ സംവിധാനങ്ങൾ, സംരക്ഷണം എന്നിവ നേരത്തെ സമർപ്പിച്ച ടാറ്റായുടെ അടിസ്ഥാനത്തിലാണ്. യൂറോപ്യൻ ഒ.ഇ.എം വിൽപ്പനയുടെ 95%ത്തിലധികം ഇതിനകം പ്രാദേശികമായി നിർമ്മിച്ചതിനാൽ, ഈ സ്വാതന്ത്ര കരാർ മെയ്ക്ക്-ഇൻ-ഇന്ത്യയെ (Make in India) ശക്തിപ്പെടുത്തുകയും ഉപഭോക്തൃ തെരഞ്ഞെടുപ്പ് വികസിപ്പിക്കുകയും ഇന്ത്യൻ ഒ.ഇ.എമുകൾക്ക് കൂടുതൽ കയറ്റുമതി അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു.

ഓഡി ഇന്ത്യ

ഇന്ത്യയും യൂറോപ്യൻ യൂനിയനും ഒപ്പുവെച്ച സ്വാതന്ത്ര വ്യാപാര കരാറിനെ പൂർണ പിന്തുണയോടെ സ്വാഗതം ചെയ്യുന്നതായി ഓഡി ഇന്ത്യ ഡയറക്ടർ ബൽബീർ സിങ് തിലോൺ പറഞ്ഞു. ഇത് ഇരു രാജ്യങ്ങൾക്കിടയിലും വ്യാപാരം വർധിപ്പിക്കും. വ്യാപാരത്തോടുള്ള ഇത്തരം സമീപനം നൂതനാശയം, വിതരണ ശൃംഖല കാര്യക്ഷമത, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള ഓട്ടോമോട്ടീവ് ശൃംഖലയെ മെച്ചപ്പെടുത്തും. 

Tags:    
News Summary - India-European Union trade agreement; Car enthusiasts hopeful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.