ജെ.എസ്.ഡബ്ല്യു ജെറ്റൂർ ടി2

ഇന്ത്യൻ ഓട്ടോ ഭീമന്മാർക്ക് വെല്ലുവിളിയുമായി ജെ.എസ്.ഡബ്ല്യു; 'ജെറ്റൂർ ടി2' ദീപാവലിയിൽ എത്തും!

ഇന്ത്യൻ പാസഞ്ചർ വാഹനനിരയിൽ പുതിയ ചരിത്രം സൃഷ്ട്ടിക്കാൻ ജെ.എസ്.ഡബ്ല്യു മോട്ടോർസ്. ഇന്ത്യൻ ഓട്ടോ ഭീമന്മാരായ ടാറ്റയ്ക്കും മഹീന്ദ്രക്കും കടുത്ത വെല്ലുവിളി ഉയർത്തുന്ന ജെ.എസ്.ഡബ്ല്യു മോട്ടോഴ്സിന്റെ ജെറ്റൂർ ടി2 എസ്.യു.വി ഈ വർഷം ദീപാവലിക്ക് മുമ്പായി വിപണിയിൽ എത്തും. 'കുൻലുൻ വാസ്തുവിദ്യ' അനുസരിച്ച് മാതൃ കമ്പനിയായ 'ചെറി ഓട്ടോമൊബൈൽ' വികസിപ്പിച്ചെടുത്ത ഒരു വൈവിധ്യമാർന്ന 'മോണോകോക്ക്' പ്ലാറ്റ്‌ഫോമിലാണ് ജെറ്റൂർ ടി2 നിർമിക്കുന്നത്. 'മെയ്ഡ് ഇൻ ഇന്ത്യ' (Made in India) ടാഗോടെ എത്തുന്ന ഈ എസ്‌.യു.വി ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുക.

ആഗോള വിപണിയിൽ പെട്രോൾ പതിപ്പുകൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ജെറ്റൂർ ടി2 ഐ-ഡിഎം എന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലാൻഡ് റോവർ ഡിഫൻഡറിനെ അനുസ്മരിപ്പിക്കുന്ന ബോക്സി രൂപവും കരുത്തുറ്റ സ്റ്റൈലിങുമാണ് ഈ എസ്‌.യു.വിയുടെ പ്രധാന പ്രത്യേകത. 4,785 എം.എം നീളവും 2,006 എം.എം വീതിയുമുള്ള ഈ വാഹനം മികച്ച റോഡ് പ്രസൻസ് വാഗ്‌ദാനം ചെയ്യുന്നു.


1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേരുന്ന ഹൈബ്രിഡ് സംവിധാനം പരമാവധി 156 പി.എസ് പവറും 220 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. നഗരയാത്രകൾക്ക് ഇലക്ട്രിക് കരുത്തും ദീർഘദൂര യാത്രകൾക്ക് പെട്രോൾ എഞ്ചിനും ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഇന്ധനക്ഷമതയും പെർഫോമൻസും ഒരുപോലെ ലഭിക്കും എന്നതും ജെറ്റൂർ ടി2 എസ്.യു.വിയുടെ പ്രത്യേകതയാണ്.

വിശാലമായ ക്യാബിൻ, ആധുനിക ഇൻഫോടൈന്മെന്റ് സിസ്റ്റം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയോടെ 5 സീറ്റർ ലേഔട്ടിലാണ് വാഹനം എത്തുന്നത്. നിലവിൽ എം.ജി മോട്ടോഴ്സുമായി ജെ.എസ്.ഡബ്ല്യുവിന് പങ്കാളിത്തമുണ്ടെങ്കിലും, ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ് എന്ന സ്വതന്ത്ര ബ്രാൻഡിലൂടെ തനതായ ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ദീപാവലിക്ക് മുൻപ് ലോഞ്ച് ചെയ്യുന്നതിലൂടെ ഉത്സവകാല വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ജെ.എസ്.ഡബ്ല്യു മാനേജിങ് ഡയറക്ടർ പാർത്ഥ് ജിൻഡാൽ വ്യക്തമാക്കി.

ഇന്ത്യൻ റോഡുകൾക്കും ഡ്രൈവിങ് രീതികൾക്കും അനുയോജ്യമായ രീതിയിൽ പരിഷ്കരിച്ചായിരിക്കും ജെറ്റൂർ ടി2 എത്തുന്നത്. സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പാർത്ഥ് ജിൻഡാൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ പുതിയ പ്ലാന്റിലായിരിക്കും വാഹനത്തിന്റെ അസംബ്ലിങ് നടക്കുക. വിപണിയിലെത്തുമ്പോൾ ഏകദേശം 15 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - JSW challenges Indian auto giants; 'Jetour T2' to arrive by Diwali!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.