ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്

ചാർജ് ചെയ്യാൻ അധിക സമയം കാത്തിരിക്കേണ്ട! ചാർജിങ് സമയം കുറച്ച് ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ക്രെറ്റ ഇലക്ട്രിക്കിന് (Creta Electric) കൂടുതൽ കരുത്തുമായി ഹ്യുണ്ടായ്. വാഹനത്തിന്റെ ചാർജിങ് ശേഷി വർധിപ്പിച്ചതാണ് ക്രെറ്റക്ക് ലഭിക്കുന്ന പുതിയ അപ്ഡേറ്റ്. വേഗത്തിൽ ചാർജ് ചെയ്യാനായി ഇനി മുതൽ 100kW ഡി.സി ഫാസ്റ്റ് ചാർജിങ് ക്രെറ്റ ഇലക്ട്രിക്കിൽ ലഭ്യമാകും. നേരത്തെ ഇത് 50kW മാത്രമായിരുന്നു. പുതിയ സാങ്കേതിക വിദ്യയിലൂടെ ചാർജിങ് സമയം ഗണ്യമായി കുറച്ചതോടെ ഡിമാൻഡ് വർധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

പത്ത് ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യാൻ നേരത്തെ 58 മിനിറ്റായിരുന്നു വേണ്ടിയിരുന്നതെങ്കിൽ, പുതിയ അപ്ഡേറ്റിലൂടെ ഇത് വെറും 39 മിനിറ്റായി ഇത് കുറഞ്ഞു. നിലവിലുള്ള ക്രെറ്റ ഇലക്ട്രിക് ഉടമകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേഷനിലൂടെ (OTA Update) ഈ സേവനം വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും ഹ്യുണ്ടായ് അറിയിച്ചു.

42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനിലാണ് ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് വിപണിയിൽ എത്തുന്നത്. 42 kWhന്റെ ആദ്യ ബാറ്ററി പാക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 390 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 133 ബി.എച്ച്.പി കരുത്താണ് ഈ മോഡൽ നൽകുന്നത്. 51.4 kWhന്റെ വലിയ ബാറ്ററി പാക്ക് 473 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 169 ബി.എച്ച്.പി കരുത്തിൽ കൂടുതൽ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും.

ഇലക്ട്രിക് പതിപ്പിന് മാത്രമായി ക്ലോസ്ഡ് ഗ്രിൽ, ആക്ടീവ് എയർ ഫ്ലാപ്പുകളോടു കൂടിയ പുതിയ ബമ്പറുകൾ, 17 ഇഞ്ച് എയറോ ഡൈനാമിക് അലോയ് വീലുകൾ എന്നിവ ഹ്യുണ്ടായ് ക്രെറ്റക്ക് നൽകിയിട്ടുണ്ട്. കൂടാതെ 10.25 ഇഞ്ചിന്റെ രണ്ട് ഡിജിറ്റൽ ഡിസ്പ്ലേകൾ, ബോസ് (Bose) സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ് എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു. ഇതോടൊപ്പം വാഹനത്തിൽ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് വൈദ്യുതി ലഭ്യമാക്കുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) സംവിധാനവും ക്രെറ്റ ഇലക്ട്രിക് മോഡലിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ഇലക്ട്രിക് വാഹനങ്ങളോട് മത്സരിക്കുന്ന ക്രെറ്റ ഇലക്ട്രികിന്റെ ആദ്യ ബാറ്ററി പാക്കിന് 18.02 ലക്ഷം രൂപമുതൽ 22.33 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില വരുന്നത്. ഉയർന്ന ബാറ്ററി വകഭേദമായ 51.4 kWh വേരിയന്റിന് 20.00 ലക്ഷം രൂപമുതൽ 23.96 ലക്ഷം രൂപവരെ വില (എക്സ്-ഷോറൂം) വരുന്നുണ്ട്. ചാർജിങ് വേഗത വർധിപ്പിച്ചതോടെ ടാറ്റ കർവ് ഇവി (Tata Curvv EV) പോലുള്ള എതിരാളികൾക്ക് കനത്ത വെല്ലുവിളിയാണ് ക്രെറ്റ സൃഷ്ടിക്കുന്നത്.

Tags:    
News Summary - Hyundai Creta Electric Reduce Charging Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.