ഇ20 പെട്രോളിൽ ക്ലോറൈഡും ഈർപ്പവും; കേന്ദ്ര സർക്കാരിന് നൽകിയ പരാതി പിൻവലിച്ച് വാഹന നിർമാതാക്കളുടെ സംഘടന

ന്യൂഡൽഹി: 20 ശതമാനം എഥനോൾ കലർന്ന ഇ20 പെട്രോളിൽ ക്ലോറൈഡും ഈർപ്പവും കൂടുതലാണെന്ന ആശങ്ക ഉന്നയിച്ച് കേന്ദ്ര സർക്കാരിന് നൽകിയ പരാതി പിൻവലിച്ച് വാഹന നിർമാതാക്കളുടെ കൂട്ടായ്മ. എഥനോൾ ചേർത്ത പെട്രോൾ സുരക്ഷിതമാണെന്ന് കേ​ന്ദ്രസർക്കാർ പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് പരാതി പിൻവലിച്ചത്.

നേരത്തേ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കൾ ഇന്ധനത്തിലെ മലിനീകരണത്തെക്കുറിച്ച് ആഭ്യന്തരമായി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേർസ് (സിയാം) പരാതി നൽകിയത്. ഇ20 പെട്രോളിൽ മായം കലരുന്നതായി ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. പരാതിയിൽ ഉൾപ്പെടുത്തിയ ചില കണക്കുകൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈ 28ന് നൽകിയ കത്ത് പിൻവലിച്ചതെന്ന് സംഘടന വ്യക്തമാക്കി.

ഇന്ധനത്തിലെ ക്ലോറൈഡിന്റെ അളവാണ് വാഹന നിർമാതാക്കളുടെ പ്രധാന ആശങ്ക. ഉയർന്ന അളവിലുള്ള ക്ലോറൈഡ് വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് നിർമാതാക്കളുടെ വാദം. ഇ20 ഇന്ധനത്തിലെ മറ്റൊരു പ്രധാന ആശങ്ക ഉയർന്ന ഈർപ്പത്തിന്റെ അളവാണ്. ചില സാമ്പിളുകളിൽ ഈർപ്പത്തിന്റെ അളവ് അനുവദനീയമായ പരിധിയെക്കാൾ വളരെ കൂടുതലായിരുന്നുവെന്നാണ് വ്യവസായ പരിശോധനാ വിവരങ്ങൾ. വാഹനത്തിന്റെ പ്രകടനത്തെ ഇ20 എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെയാണ് സിയാം പരാതി നൽകിയത്.

മഹീന്ദ്രയുടെ ഒരു മുതിർന്ന എൻജിനീയർ ആഭ്യന്തര ഇമെയിലിൽ, ഓർഗാനിക് ക്ലോറൈഡ് വാഹനങ്ങളിൽ അതിവേഗ തകരാറുകൾക്ക് കാരണമാകുന്ന മലിനീകരണമാണെന്ന് അവകാശപ്പെട്ടിരുന്നു. ചില സാഹചര്യങ്ങളിൽ 200 കിലോമീറ്ററിനുള്ളിൽ തന്നെ എൻജിനെ ബാധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ധനം നിറച്ചതിന് പിന്നാലെ വാഹനങ്ങളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഓർഗാനിക് ക്ലോറൈഡിന്റെ പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ 250 പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഇ20 പെട്രോളിൽ ഉയർന്ന അളവിൽ ക്ലോറൈഡും ഈർപ്പവും അടങ്ങിയിട്ടുണ്ടെന്ന് വാഹന നിർമാതാക്കൾ കണ്ടെത്തിയത്. പെട്രോളിൽ അനുവദിച്ച ക്ലോറൈഡിന്റെ അളവ് 3 പി.പി.എം മാത്രമായിരിക്കെ രാജസ്ഥാനിൽ ഇത് 6 മുതൽ 570 പി.പി.എം വരെയാണ്. ഡൽഹിയിൽ 420 പി.പി.എം, മഹാരാഷ്ട്രയിൽ 357 പി.പി.എം വരെയുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിലും ഉത്തർപ്രദേശിലും പെട്രോളിലെ ഈർപ്പത്തിന്റെ അളവ് അനുവദനീയമായ 3,000 പി.പി.എം എന്നത് 12,500 മുതൽ 13,000 അളവ് വരെയാണ്. ഇ20 പെട്രോൾ ഉപയോ​ഗിക്കുന്നതിലൂടെ വാഹനങ്ങളുടെ മൈലേജ് ​കുറയുന്നതായി രാജ്യത്താകെയുള്ള വാഹന നിർമാതാക്കൾ പരാതി ഉന്നയിച്ചിരുന്നു.

ജൂലൈ 28ന് സർക്കാരിന് നൽകിയ കത്തിൽ ഇന്ധനത്തിലെ ക്ലോറൈഡും ഈർപ്പവും സംബന്ധിച്ച് സിയാം ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ കത്ത് പുറത്തുവന്നതിനെ തുടർന്ന് വലിയ ചർച്ചയും വിവാദവും ഉയർന്നതോടെ സംഘടന അത് പിൻവലിക്കുകയായിരുന്നു. പരിശോധനക്ക് ഉപയോഗിച്ച സാമ്പിളുകളുടെ എണ്ണം, പരിശോധനാ രീതി, ഡാറ്റ എന്നിവ അന്തിമ നിഗമനത്തിലെത്താൻ മതിയായതല്ലെന്നും ചില കണക്കുകൾ കൂടുതൽ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സിയാം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് പിൻവലിച്ചതെന്നാണ് സംഘടനയുടെ വിശദീകരണം. കൂടുതൽ ശാസ്ത്രീയമായ പഠനം നടത്തുകയാണ് ലക്ഷ്യമെന്നും സിയാം അറിയിച്ചു.

രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമായി ലഭ്യമായതോടെ വാഹന ഉടമകളിൽനിന്നും പരാതികൾ ഉയർന്നിരുന്നു. മൈലേജ് കുറയുന്നു, വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നു, എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ തേയ്മാനം വർധിക്കുന്നു തുടങ്ങിയ പരാതികളാണ് പ്രധാനമായും ഉയർന്നത്. അതേസമയം, ഇ20 ഇന്ധനം സുരക്ഷിതമാണെന്ന നിലപാടാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. 

Tags:    
News Summary - Auto Lobby Withdraws Fuel Contamination Complaint to Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.