സുസുക്കി മോട്ടോർ സ്വിഫ്റ്റ് കാറി​ന്റെ നിർമാണം നിർത്തി; കാരണം ചൈനയിലെ അപൂർവ ലോഹങ്ങളുടെ ക്ഷാമം

ടോക്കിയോ: ചൈനയിലെ ‘റെയർ എർത്ത്’ നിയന്ത്രണങ്ങൾ കാരണം സുസുക്കി മോട്ടോർ സ്വിഫ്റ്റ് കാറിന്റെ ഉത്പാദനം നിർത്തിവെച്ചു. ഇതോടെ കയറ്റുമതി നിയന്ത്രണങ്ങൾ ബാധിക്കുന്ന ആദ്യത്തെ ജാപ്പനീസ് വാഹന നിർമാതാക്കളായി സുസുക്കി മോ​ട്ടോർസ് മാറി.

അസംസ്കൃത ലോഹങ്ങളുടെ ക്ഷാമം ചൂണ്ടിക്കാട്ടി മെയ് 26 മുതൽ ജൂൺ 6 വരെ സ്വിഫ്റ്റ് സ്പോർട്ട് മോഡൽ ഒഴികെയുള്ള സ്വിഫ്റ്റ് സബ്കോംപാക്റ്റിന്റെ ഉൽ‌പാദനം നിർത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകിയില്ല.

ജൂൺ 13ന് സുസുക്കി അതിന്റെ സാഗര പ്ലാന്റിൽ സ്വിഫ്റ്റ് കാറുകളുടെ ഉത്പാദനം ഭാഗികമായി പുനഃരാരംഭിക്കുമെന്ന് പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജൂൺ 16ന് ശേഷം പൂർണമായും പുനഃരാരംഭിക്കുമെന്നും അറിയിച്ചു.

ഏപ്രിലിൽ വിവിധതരം അപൂർവ ഭൗമ ലോഹങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കാനുള്ള ചൈനയുടെ തീരുമാനം ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കൾ, എയ്‌റോസ്‌പേസ് നിർമാതാക്കൾ, സെമി കണ്ടക്ടർ കമ്പനികൾ, സൈനിക കരാറുകാർ എന്നിവരുടെ വിതരണ ശൃംഖലകളെ താറുമാറാക്കിയിരിക്കുകയാണ്.

ആഗോള വാഹന നിർമാതാക്കൾ ഉൽപാദനം നിർത്തലാക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതോടെ സ്ഥിതിഗതികൾ ആശങ്കാജനകമായി. ചില യൂറോപ്യൻ ഓട്ടോ പാർട്‌സ് പ്ലാന്റുകളും ഉത്പാദനം നിർത്തിവച്ചിട്ടുണ്ട്. കൂടാതെ മെഴ്‌സിഡസ് ബെൻസ് അപൂർവ ഭൗമ ലോഹങ്ങളുടെ ക്ഷാമത്തിൽ നിന്ന് സംരക്ഷണം നൽകാനുള്ള വഴികളും പരിഗണിക്കുന്നു.

വരാനിരിക്കുന്ന താരിഫ് ചർച്ചകളിൽ അപൂർവ ലോഹ വിതരണ ശൃംഖലകളിൽ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്താൻ ജപ്പാൻ പദ്ധതിയിടുന്നതായി ‘നിക്കി’ ബിസിനസ് ദിനപത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. സ്വിഫ്റ്റ് മോഡൽ സസ്പെൻഷന്റെ കാരണം ആദ്യം റിപ്പോർട്ട് ചെയ്തത് നിക്കി ആയിരുന്നു.

Tags:    
News Summary - Suzuki Motor halted Swift production due to China's rare earth curbs, sources say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.