മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) സ്വന്തമാക്കുന്നവരിൽ മലയാളികൾ ഏറെ മുന്നിൽ. കേരളത്തിൽ വിൽക്കുന്ന വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം കുതിച്ചുയരുന്നെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം മറ്റു പത്ത് സംസ്ഥാനങ്ങളെക്കാൾ വളരെ കുടുതലാണ് കേരളത്തിൽ. പട്ടികയിൽ ഡൽഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.
8,78,591 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ 106111 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അതായത് ഇ.വികളുടെ പങ്കാളിത്തം 12.08 ശതമാനം. ഡൽഹി 8,17,705 വാഹനങ്ങൾ വിറ്റതിൽ 113742 ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടും. ഇ.വികളുടെ പങ്കാളിത്തം 13.91 ശതമാനമാണ്. എൻവിറോകാറ്റലിസ്റ്റാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 10.64 ശതമാനവുമായി കർണാടകയും 9.89 ശതമാനവുമായി ഉത്തർ പ്രദേശും 8.23 ശതമാനവുമായി മധ്യപ്രദേശും പട്ടികയിലുണ്ട്.
2022ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ ഇ.വികളുടെ പങ്കാളിത്തം വെറും അഞ്ച് ശതമാനം മാത്രമായിരുന്നു. ഇ.വി നയം നടപ്പാക്കിയതും ചാർജിങ് സൗകര്യങ്ങൾ വ്യാപകമായതുമാണ് കേരളത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയത്. വിൽപന നടത്തിയ 93.4 ശതമാനം ഇ.വി കാറുകളും സ്കൂട്ടറുകളും സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നെന്നതാണ് കേരള വിപണിയെ വ്യത്യസ്തമാക്കുന്നതെന്ന് എൻവിറോകാറ്റലിസ്റ്റിന്റെ സ്ഥാപകനും മുഖ്യ അനലിസ്റ്റുമായ സുനിൽ ദാഹിയ പറഞ്ഞു.
കർണാടകയിലും 93.4 ശതമാനം ഇ.വികളും ഉപയോഗിക്കുന്നത് സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ, ഇതിൽ 84 ശതമാനവും ടൂവീലറുകളും വെറും ഒമ്പത് ശതമാനം മാത്രം കാറുകളുമാണുള്ളത്. അതേസമയം, കേരളത്തിൽ ടൂവീലറുകൾ 76 ശതമാനവും കാറുകൾ 18 ശതമാനവുമാണ്. സംസ്ഥാനത്തെ ഇടത്തരക്കാരായ നിരവധി കുടുംബങ്ങൾ ഇ.വി കാറുകൾ വാങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്ന് ദാഹിയ പറഞ്ഞു.
സംസ്ഥാനത്ത് ഇ.വി ടൂ വീലറുകളുടെ വിപണിയിൽ ഏഥർ എനർജിയാണ് ഒന്നാം സ്ഥാനത്ത്. ഏഥറിന് 29 ശതമാനവും ബജാജ് ഓട്ടോക്ക് 24 ശതമാനവും ടി.വി.എസ് മോട്ടോറിന് 19 ശതമാനവും വിപണി പങ്കാളിത്തവുമുണ്ട്. ഒല ഇലക്ട്രിക്കിന്റെ വിപണി പങ്കാളിത്തം 12 ശതമാനം മാത്രമാണ്. അതേസമയം, ഇലക്ട്രിക് കാറുകളിൽ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിക്ക് 53 ശതമാനവും ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോറിന് 26 ശതമാനവും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലിന് 11 ശതമാനവും വിപണി പങ്കാളിത്തമുണ്ട്.
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള അവബോധമാണ് പല കമ്പനികളും കേരളത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കാരണമെന്ന് ഇലക്ട്രിക് ടൂ വീലർ കമ്പനിയായ ബി.എൻ.സി മോട്ടോറിന്റെ സി.ഇ.ഒ അനിരുദ്ധ് രവി നാരായണൻ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും വില കൂടിയ ഉത്പന്നങ്ങളും ഒരു സ്റ്റാറ്റസ് സിംപൽ ആയാണ് ജനങ്ങൾ കാണുന്നത്. മാത്രമല്ല, സംസ്ഥാനത്ത് ചാർജിങ് സൗകര്യങ്ങൾ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.