ഇന്ത്യയിൽ ടെസ്‍ല കാർ വാങ്ങാൻ ആളില്ല; ടെസ്റ്റ് ഡ്രൈവ് ചെയ്തവർ പിന്മാറി

മുംബൈ: ഇറക്കുമതി ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകൾ വാങ്ങാൻ ആളില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ മൂന്നിലൊന്ന് വിൽക്കാൻ ടെസ്‌ല പാടുപെടുകയാണ്. നേരത്തെ ബുക്ക് ചെയ്ത പലരും പിന്മാറിയതായും റിപ്പോർട്ടുണ്ട്.

ജൂലൈയിലാണ് ഏറെ ​കൊട്ടിഘോഷിച്ച് ടെസ്‍ല കാർ കമ്പനി ഇന്ത്യയിൽ സ്റ്റോർ തുറന്നത്. അന്ന് വിൽപ്പനക്ക് എത്തിച്ച 300 മോഡൽ വൈ സ്​പോട്സ് യൂട്ടിലിറ്റി വാഹനങ്ങളിൽ 100 എണ്ണവും വാങ്ങാൻ ആളില്ലാതെ കിടക്കുകയാണ്. ഇതേതുടർന്ന്, കാറുകൾ വിറ്റൊഴിവാക്കാൻ രണ്ട് ലക്ഷം രൂപയോളം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്‍ല.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ യാത്ര വാഹന വിപണിയായ ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള കാറുകൾക്ക് പോലും ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയാത്തത് ടെസ്‍ലക്ക് കനത്ത തിരിച്ചടിയാണ്. ഇറക്കുമതി ചെയ്ത ടെസ്‍ലയുടെ കാറുകൾക്ക് 110 ശതമാനം വരെ ഇന്ത്യ നികുതി ചുമത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

നിരവധി ഉപഭോക്താക്കൾ ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷം ടെസ്‍ല കാർ വാങ്ങൽ പദ്ധതി ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. ടെസ്‍ലയേക്കാൾ വില കുറഞ്ഞ ബി.എം.ഡബ്ല്യുവിന്റെ ഐ.എക്സ്‍വൺ ഇ.വിയും ബി.വൈ.ഡിയുടെ സീലിയൻ സെവനുമാണ് തിരഞ്ഞെടുത്തത്. രണ്ട് കാറുകൾക്കും ടെസ്‍ലയുടെ മോഡൽ വൈ വാഹനങ്ങളെക്കാൾ വില കുറവാണ്. 70,000 ഡോളറാണ് (63 ലക്ഷം രൂപ) ആഭ്യന്തര വിപണിയിൽ മോഡൽ വൈ കാറുകളുടെ വില.

മോഡൽ വൈ കാറുകൾക്ക് 600 ബുക്കിങ് ലഭിച്ചതായി ബ്ലൂംബർഗ് കഴിഞ്ഞ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ചൈനയിലെ ഷാങ്ഹായിയിൽനിന്ന് 500 കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്തിട്ടും ഭൂരിഭാഗവും സ്റ്റോറിൽ കിടക്കുകയാണ്. രാജ്യത്തെ വാഹന റജിസ്ട്രേഷൻ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം 227 ടെസ്‍ല കാറുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡിപോസിറ്റ് തുക അടച്ച ഉപഭോക്താക്കൾ പോലും റേഞ്ച് കുറഞ്ഞ മോഡൽ വൈ വാങ്ങാൻ മടിക്കുന്നതായാണ് കമ്പനിയു​മായി ബന്ധപ്പെട്ടവർ പറയുന്നത്. ചിലർ കൂടുതൽ റേഞ്ചുള്ള വില കൂടിയ മോഡലുകളിൽ താൽപര്യം കാണിച്ചിട്ടുണ്ടെങ്കിലും അത്തരം കാറുകളുടെ ഇറക്കുമതി വൈകുന്നതായാണ് സൂചന.

ആഗോള വിപണിയിൽ വാഹന വിൽപന ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ കണക്കുകൾ പുറത്തുവരുന്നത്. തുടർച്ചയായ രണ്ടാം വർഷവും വിൽപന ഇടിഞ്ഞതോടെ കഴിഞ്ഞ വർഷം ചൈനയുടെ ബി.വൈ.ഡി ടെസ്‍ലയെ മറികടന്നിരുന്നു. യു.എസിൽ സർക്കാർ സബ്സിഡി അവസാനിപ്പിച്ചതും യൂറോപ്പിലെയും ചൈനയിലെയും കടുത്ത മത്സരവുമാണ് ടെസ്‍ല നേരിടുന്ന വെല്ലുവിളി. ഇന്ത്യയിലെ വിൽപന വർധിപ്പിക്കാൻ നവംബറിൽ ലംബോർഗിനിയുടെ മുൻ തലവനെ ബിസിനസിന്റെ തലവനായി നിയമിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്ര​ധാനമന്ത്രി നരേന്ദ്ര മോദിയു​മായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മസ്ക് ഇന്ത്യയിൽ ടെസ്‍ല കാർ വിൽക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - Tesla’s India letdown spurs discounts on unsold Model Y SUVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.