മുംബൈ: പത്ത് ലക്ഷത്തിൽ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് കേന്ദ്ര സർക്കാർ സഹായം നൽകണമെന്ന് ടാറ്റ പാസഞ്ചർ വെഹിക്കിൾസ് സി.ഇ.ഒ എം.ഡി ശൈലേഷ് ചന്ദ്ര. സർക്കാർ പിന്തുണയില്ലെങ്കിൽ ഇലക്ട്രിക് കാറുകൾ പൊതുജനം വ്യാപകമായി വാങ്ങുമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇലക്ട്രിക് കാർ വാങ്ങുന്നവരിൽ പകുതിയിലേറെ പേരും തിരഞ്ഞെടുക്കുന്നത് പത്ത് ലക്ഷത്തിൽ കുറഞ്ഞ വിലയുള്ളതാണ്. ടാറ്റ ഗ്രൂപ്പിന്റെ ടിയാഗോയും ടിഗോറും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇലക്ട്രിക് വാഹനങ്ങൾ മുഖ്യധാരയിലെത്തണമെങ്കിൽ, പത്ത് ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾ വിപണി പിടിക്കണം. ചെറിയ ഇലക്ട്രിക് കാർ വിലയുടെ 70 ശതമാനത്തോളം രൂപ ചെലവാകുന്നത് ബാറ്ററിക്കാണ്. അതേസമയം, വാഹനങ്ങൾക്ക് 400 കിലോമീറ്ററിലധികം റേഞ്ച് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതായും ചന്ദ്ര ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) വെട്ടിക്കുറച്ചതോടെ പെട്രോൾ, ഡീസൽ കാറുകളുടെ വില ഇടിയുകയും എൻട്രി ലെവൽ ഇലക്ട്രിക് കാറുകളുടെ വില താങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിക്കുകയും ചെയ്തു. ബിസിനസ് ആവശ്യങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന കമ്പനികൾക്ക് സർക്കാർ സഹായങ്ങൾ പുനസ്ഥാപിക്കണം. സർക്കാർ സാമ്പത്തിക സഹായമോ പ്രോത്സാഹനമോ നൽകിയാൽ, ചെലവഴിക്കുന്ന പണത്തിന് പരിസ്ഥിതിയിലൂടെ വലിയ നേട്ടം ലഭിക്കുന്നത് കാണാൻ കഴിയുമെന്ന് ചന്ദ്ര പറഞ്ഞു.
മൊത്തം പാസഞ്ചർ വാഹന വിൽപനയിൽ എട്ട് ശതമാനം മാത്രമാണ് ബിസിനസ് ആവശ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതേസമയം, ഇതുവരെ ഇലക്ട്രിക് വാഹനങ്ങൾ യാത്ര ചെയ്ത മൊത്തം കിലോമീറ്ററിൽ 35 ശതമാനവും ബിസിനസ് വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ഒക്ടോബറിൽ പി.എം ഇ-ഡ്രൈവ് തുടങ്ങുന്നതിന് മുമ്പ് ബിസിനസ് ആവശ്യങ്ങൾക്കുള്ള കാറുകൾക്ക് ഓരോ കിലോവാട്ട് ഹവറിനും 10,000 രൂപ സബ്സിഡി ലഭിച്ചിരുന്നു. 1.5 ലക്ഷം രൂപ വരെയായിരുന്നു സബ്സിഡി ലഭിച്ചിരുന്നത്.
കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലൂടെയാണ് പാസഞ്ചർ വാഹനങ്ങളുടെ വിൽപന കടന്നുപോയത്. ഒന്ന് ജി.എസ്.ടി വെട്ടിക്കുറക്കുന്നതിന് മുമ്പുള്ള ആദ്യ എട്ട് മാസങ്ങൾ. ഈ ഘട്ടത്തിൽ കാറുകളുടെ വിൽപനയിൽ കനത്ത സമർദ്ദമാണ് നേരിട്ടത്. സെപ്റ്റംബർ 22ന് ജി.എസ്.ടി വെട്ടിക്കുറച്ചശേഷം ഡിമാൻഡ് ഉയർന്നതാണ് രണ്ടാമത്തെ ഘട്ടം. കഴിഞ്ഞ വർഷം രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ മൊത്ത വിൽപനയിൽ ഏകദേശം 5-6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ചെറുകിട വിൽപനയിൽ 10 ശതമാനം വരെ ഉയർച്ചയുണ്ടായി. ഡിസംബർ പാദത്തിൽ വിപണിയിൽ ഏറ്റവും വിൽപന നടത്തിയ രണ്ടാമത്തെ വലിയ കമ്പനിയായി ടാറ്റ മോട്ടോഴ്‌സ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.