പ്രതിവർഷം 3000 രൂപ, അല്ലെങ്കിൽ 200 തവണ യാത്ര; വാർഷിക ഫാസ്ടാഗ് പ്ലാനിന്റെ വിവരങ്ങൾ പങ്കുവെച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ വിവിധ എക്സ്പ്രസ് വേ, ദേശീയ പാതകളിൽ ഈടാക്കുന്ന ടോളുകൾക്ക് വാർഷിക പ്ലാൻ അവതരിപ്പിച്ച് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് സാമൂഹമാധ്യമമായ എക്‌സിലൂടെ വാർഷിക പ്ലാൻ പങ്കുവെച്ചത്. ആഗസ്റ്റ് 15ന് രാജ്യത്തെ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷം ദൈർഘ്യമുള്ള ഫാസ്ടാഗ് പ്ലാൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

2025 ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന വാർഷിക പ്ലാൻ 2026 ഓഗസ്റ്റ് 15 വരെയോ 200 തവണ യാത്രകൾ ചെയ്യുന്നത് വരെയോ നിലനിൽക്കും. പുതിയ ഫാസ്ടാഗ് ആക്ടിവേഷനും പുതുക്കലിനുമായി പുതിയൊരു ലിങ്ക് ഉടൻതന്നെ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വെബ്‌സൈറ്റിൽ ലഭ്യമാകും. കൂടാതെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (എം.ഒ.ആർ.ടി.എച്ച്) ഔദ്യോഗിക വെബ്സൈറ്റിലും ഈ ലിങ്ക് ലഭ്യമാകുമെന്ന് ഗഡ്കരി പറഞ്ഞു.

60 കിലോമീറ്റർ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ പരിഹരിക്കുന്നതിനും യാത്രക്കാർക്ക് താങ്ങാവുന്ന ഒറ്റ ഇടപാടിലൂടെ ടോൾ പേമെന്റുകൾ ലളിതമാക്കുകയാണ് പുതിയ നയംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ ടോൾ പ്ലാസയിലെ തിരക്ക് കുറക്കുക, ജോലിക്കാരുമായുള്ള തർക്കങ്ങൾ കുറക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ദേശീയ പാതകൾ വഴി യാത്ര സുഗമമാക്കാൻ പുതിയ ടോൾ നയം ഉടൻ രൂപീകരിക്കുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് വാർഷിക പ്ലാൻ നിലവിൽ വരുന്നത്. വാർഷിക ടോൾ പ്ലാൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് നിലവിലെ ടോൾ പ്ലാസ ഫീസ് ഘടനയ്ക്ക് പകരമായി 100 കിലോമീറ്റർ സഞ്ചരിക്കാൻ 50 രൂപ നൽകിയാൽ മതിയാകും.

ഇതിനുമുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 30,000 രൂപയുടെ 15 വർഷത്തേക്കുള്ള 'ലൈഫ് ടൈം ഫാസ്ടാഗ്' പ്ലാൻ സർക്കാർ ഉപേക്ഷിച്ചിരുന്നു. പുതിയ വാർഷിക ടോൾ പ്ലാനിൽ നിലവിലെ ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കും. പിന്നീട് ടോൾ ബൂത്തുകൾക്ക് പകരം ജി.പി.എസിനെയും ഓട്ടോമേറ്റഡ് വെഹിക്കിൾ ട്രാക്കിങ്ങിനെയും ഉപയോഗപ്പെടുത്തുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Rs 3000 per year, or 200 trips; Nitin Gadkari shares details of annual FASTag plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.