ലംബോർഗിനിയുടെ ഓഫ്റോഡർ, ഹുറാകാൻ സ്റ്റെറാറ്റൊ ഈ മാസം 30ന് അവതരിപ്പിക്കും

എത്ര പണമുണ്ടെങ്കിലും ഇന്ത്യക്കാർ സൂപ്പർ കാറുകൾ വാങ്ങാൻ മടിക്കുന്നതിന് കാരണം ഇവിടത്തെ റോഡുകളാണ്. റോഡിനോട് ഒട്ടിയിരിക്കുന്ന സൂപ്പർ, ഹൈപ്പർ കാറുകൾ അടി തട്ടാതെ ഒാടിക്കണമെങ്കിൽ പെടാപ്പാട്പെടേണ്ടിവരും. അല്ലെങ്കിൽ വല്ലപ്പോഴും ട്രാക്കിൽ എത്തിച്ച് ഓടിച്ച് രസിക്കാം. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ അവതരിപ്പിക്കുന്നത്.

ഹുറാകാൻ സ്‌റ്റെറാറ്റോ സൂപ്പർകാറിന്റെ നിർമ്മാണം പൂർത്തിയായി. 2019ൽ കൺസെപ്റ്റ് ആയി അവതരിപ്പിച്ച വാഹനമാണിത്. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയുടെ ഓഫ്-റോഡ് പതിപ്പാണ് സ്‌റ്റെറാറ്റോ. ഇറ്റാലിയനിൽ സ്റ്റെറാറ്റോ എന്നാൽ മൺറോഡ് എന്നാണ് അർഥം.

നവംബർ 30ന് നടക്കുന്ന മിയാമി ഓട്ടോഷോയിൽ വാഹനം അവതരിപ്പിക്കും. ലംബോർഗിനിയുടെ അവസാനത്തെ കംബാഷൻ എഞ്ചിൻ വാഹനമായിരിക്കും സ്റ്റെറാറ്റോ. ഇനിമുതൽ ഹൈബ്രിഡ് ഇ.വി എഞ്ചിനുകളിലേക്ക് കൂടേറാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റാലിയൻ വാഹന ഭീമൻ.


ഡിസൈൻ

ഹുറാകാൻ സ്‌റ്റെറാറ്റോയ്ക്ക് മുൻ ബമ്പറിൽ ഡ്യുവൽ എൽ.ഇ.ഡി ലൈറ്റുകൾ ലഭിക്കും. മുന്നിലും പിന്നിലും ഫെൻഡറുകളിലും സൈഡ് സ്കർട്ടുകളിലും ബോൾട്ട്-ഓൺ പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയിട്ടുണ്ട്. ഓഫ്റോഡിൽ വാഹനത്തെ സംരക്ഷിക്കാൻ ഈ ക്ലാഡിങ്ങുകൾക്കാവും. റൂഫ് റെയിലുകൾ, പുനർരൂപകൽപ്പന ചെയ്ത സൈഡ് ഇൻടേക്കുകൾ, പുതിയ ഡിഫ്യൂസർ, എഞ്ചിൻ തണുപ്പിക്കുന്നതിന് വലിയ സ്‌കൂപ്പ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

മികച്ച അണ്ടർബോഡി സംരക്ഷണത്തിനായി കോമ്പോസിറ്റ് പാനലിനൊപ്പം ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്. 20 ഇഞ്ച് അലോയ് വീലുകളിലെ തടിച്ച ടയറുകളും ഉയർത്തിയ റൈഡ് ഹൈറ്റിനുള്ള സസ്പെൻഷനും സ്റ്റെറാറ്റോയുടെ മറ്റ് പ്രത്യേകതകളാണ്.


എഞ്ചിൻ

ഹുറാകാൻ ഇവോയിൽ നിന്നുള്ള അതേ 640hp, 5.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിൻ ആണ് സ്‌റ്റെറാറ്റോയ്ക്ക് കരുത്തേകുക. 7-സ്പീഡ് ഡ്യുവൽ ക്ലച്ചുമായി ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ വാഹനത്തിന്. ആദ്യത്തെ ഓഫ്-റോഡ് ഫോക്കസ്ഡ് ടു-ഡോർ സൂപ്പർകാർ എന്ന നിലയിൽ, ലംബോർഗിനി ഡൈനാമിക്ക വെയ്‌ക്കോളോ ഇന്റഗ്രേറ്റ (എൽ.ഡി.വി.ഐ) എന്ന് വിളിക്കുന്ന ഓൺബോർഡ് ഡ്രൈവ് മാനേജ്‌മെന്റ് സിസ്റ്റം സ്‌റ്റെറാറ്റോയിൽ അവതരിപ്പിക്കും. ഇത് കൺസെപ്‌റ്റ് പതിപ്പിൽ മുമ്പ് കണ്ടിരുന്നു. ഈ സംവിധാനം മികച്ച ഹാൻഡ്‌ലിങ്ങിനായി പിൻ ചക്രങ്ങൾക്ക് വർധിച്ച ടോർക്ക് നൽകും.

സിയാൻ എഫ്‌കെപി 37 പോലെ പരിമിതമായ സീരീസ് പ്രൊഡക്ഷൻ വാഹനമായിരിക്കുമോ ഹുറാകാൻ സ്‌റ്റെറാറ്റോ എന്ന് നിലവിൽ വ്യക്തമല്ല. 2023 മുതൽ അതിന്റെ മോഡൽ ലൈനപ്പ് വൈദ്യുതീകരിക്കാനുള്ള പദ്ധതികളെക്കുറിച്ചും ലംബോർഗിനി സംസാരിക്കുന്നുണ്ട്. അവന്തഡോർ അൾട്ടിമേ എൽപി780-4, അടുത്ത തലമുറ ഹുറാകാൻ, ഉറുസ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയിൽ ഒരു ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കാനും ലാംബോക്ക് പദ്ധതിയുണ്ട്.

Tags:    
News Summary - Off-road ready Lamborghini Huracan Sterrato revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.