മെഴ്‌സിഡസ് ബെൻസ്, 2021 മോഡൽ ഇ-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. വില 63.6 ലക്ഷം രൂപയിൽ ആരംഭിക്കും. അകത്തും പുറത്തും അലങ്കാരചാതുരിയിൽ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ബെൻസ് വരുന്നത്. രൂപകൽപ്പനയിലും സമഗ്രമായ പരിഷ്കാരങ്ങളുണ്ട്. പുതുതലമുറ എൻ.ടി.ജി 6 ടെലിമാറ്റിക്സും എംബിയുഎക്സ് സിസ്റ്റവും പുതിയ ഇ-ക്ലാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏററവും ഉയർന്ന വേരിയന്‍റിന്‍റെ വില 80.9 ലക്ഷം രൂപയാണ്. 3079 മില്ലിമീറ്റർ വീൽബേസ് കാരണം സെഗ്‌മെന്‍റിലെ ഏറ്റവും വിശാലമായ ക്യാബിനാണ് ഇ-ക്ലാസിന്. 5075 മില്ലിമീന്‍റാണ് വാഹനത്തിന്‍റെ നീളം.
'പുതിയ ഇ-ക്ലാസ് മുമ്പത്തേതിനേക്കാൾ ചലനാത്മകവും സാങ്കേതികവിദ്യകളാൽ നിറഞ്ഞതുമാണ്. ആഢംബരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സ്പോർട്ടി ആയി വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്' -മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷെങ്ക് പറഞ്ഞു. ബെൻസുകളിൽ സാധാരണ വരുന്നതുപോലുള്ള ഇരട്ട ഹെഡ്ലൈറ്റും എൽഇഡി ഡിആർഎല്ലും പുതിയ വാഹനത്തിൽ ഇല്ല. സിംഗിൾ എൽഇഡി ഡിആർഎൽ കാഴ്ച്ചയിൽ കൂടുതൽ മികച്ചതായി തോന്നും. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ആകർഷകമാണ്. പിൻഭാഗം പുതുതായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. പിന്നിലെ സ്പ്ലിറ്റ് ടെയിൽ ലൈറ്റ് ഡിസൈനും പുതുമയാണ്. പിൻഭാഗത്തെ ക്വാർട്ടർ ഗ്ലാസ് മെഴ്‌സിഡസ്-മെയ്ബാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ഉള്ളിൽ പ്ലഷ് ആർട്ടിക്കോ ലെതർ ഡാഷ്‌ബോർഡും മുന്നിലും പിന്നിലും വുഡ് ട്രിമ്മുകളുണ്ട്. 37 ഡിഗ്രി വരെ ചരിക്കാൻ കഴിയുന്നതാണ് പിൻസീറ്റ്. ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ എന്നിവ പോലുള്ള സൗകര്യ ലഭിക്കും. പുതിയ ബെൻസിൽ യൂസർ എക്സ്പീരിയൻസ് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിന്‍റെ സംയോജനത്തോടെ ക്യാബിൻ അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കമ്പ്യൂട്ടർ, മികച്ച സ്‌ക്രീനുകൾ, ഗ്രാഫിക്സ്, ഇഷ്‌ടാനുസൃതമാക്കാവുന്ന ഡിസ്‌പ്ലേ, മികച്ച സോഫ്റ്റ്വെയർ, വോയ്‌സ് അസിസ്റ്റ്, ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനുകളുള്ള ഡിജിറ്റൽ കോക്പിറ്റ് തുടങ്ങിയവ വാഹനത്തിൽ ലഭിക്കും. ബെൻസ് ഇ-ക്ലാസിനായി മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2 ലിറ്റർ പെട്രോൾ, 2 ലിറ്റർ ഡീസൽ, എഎംജി ലൈനിൽ 3 ലിറ്റർ ഡീസൽ എന്നിവയാണവ. 2 ലിറ്റർ പെട്രോൾ 194 ബിഎച്ച്പി പുറത്തെടുക്കുേമ്പാൾ 2 ലിറ്റർ ഡീസൽ 192 ബിഎച്ച്പി കരുത്തുള്ളതാണ്. കൂടുതൽ കരുത്തുറ്റ 3 ലിറ്റർ ഡീസൽ 282 ബിഎച്ച്പി സൃഷ്ടിക്കും.
പോളാർ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, ഹൈടെക് സിൽവർ, മൊജാവേ സിൽവർ എന്നിവയാണ് ഇ-ക്ലാസിന് ലഭ്യമായ നിറങ്ങൾ. സെലനൈറ്റ് ഗ്രേ, ഡിസൈനോ ഹൈസിന്ത് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങൾകൂടി ഒരു നിശ്ചിത സമയത്തേക്ക് ലഭ്യമാണെന്നും ബെൻസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.