ന്യൂഡൽഹി: ഇന്ത്യയിലെ കാർ വിൽപനയിൽ മഹീന്ദ്രയുടെ വൻ കുതിച്ചുചാട്ടം. ഫെബ്രുവരിയിലെ മൊത്തം ആഭ്യന്തര വിൽപനയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ഹ്യുണ്ടായിയെ പിന്തള്ളി മഹീന്ദ്ര രണ്ടാമതെത്തി.
ഒന്നാം സ്ഥാനം പതിവ് പോലെ മാരുതി സുസുക്കി തന്നെയായിരുന്നു. ആഭ്യന്തര വിപണിയില്‍ 1.60 ലക്ഷം യൂനിറ്റുകളടക്കം മൊത്തം 1.99 ലക്ഷം കാറുകളാണ് മാരുതി സുസുക്കി 2025 ഫെബ്രുവരിയില്‍ വിറ്റത്.
ഫെബ്രുവരിയിൽ മഹീന്ദ്ര ആഭ്യന്തര വിപണിയില്‍ മൊത്തം 50,420 കാറുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഫെബ്രുവരിയേക്കാൾ 19 ശതമാനം വളർച്ചയാണ് ഉണ്ടാക്കിയത്.
2025 ഫെബ്രുവരിയിൽ, ഹ്യുണ്ടായിയുടെ മൊത്തം ഓട്ടോമൊബൈൽ വിൽപന 58,727 യൂനിറ്റായിരുന്നു. അതിൽ 47,727 യൂനിറ്റുകളാണ് ആഭ്യന്തരമായി വിറ്റഴിച്ചത്.
2024 ഫെബ്രുവരിയിൽ 51,267 കാറുകൾ വിറ്റ ടാറ്റ മോട്ടോര്‍സ് 46,435 യൂനിറ്റ് മാത്രമാണ് വിറ്റത്. ഫെബ്രുവരി വിൽപനയിൽ 9.43 ശതമാനം ഇടിവോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മഹീന്ദ്രയുടെ കയറ്റുമതിയിൽ 99 ശതമാനം വാർഷിക വർധനവ് ഉണ്ടായി. ഫെബ്രുവരിയിൽ അന്താരാഷ്ട്രതലത്തിൽ 3,061 യൂനിറ്റുകൾ കയറ്റുമതി ചെയ്തു. അതേസമയം, ഹ്യുണ്ടായിയുടെ കയറ്റുമതി അളവ് 11,000 യൂനിറ്റായി ഗണ്യമായി ഉയർന്നെങ്കിലും വാർഷിക വളർച്ച 6.8 ശതമാനമായി താരതമ്യേന കുറവായിരുന്നു.
ഥാർ റോക്സ് , എക്സ്.യു.വി 3 എക്‌സ്.ഒ , ബൊലേറോ നിയോ പ്ലസ് തുടങ്ങിയ നിരവധി പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ എസ്.യു.വി മോഡലുകൾ മഹീന്ദ്ര കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ബി.ഇ 6 , എക്സ്.ഇ.വി 9ഇ തുടങ്ങിയ ഇവി നിരക്കും തുടക്കമിട്ടു.
എന്നാൽ, പുതിയ എസ്‌യുവി ലോഞ്ചുകളുടെ കാര്യത്തിൽ കഴിഞ്ഞ വർഷം ഹ്യുണ്ടായി ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റയും അൽകാസറും മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ.
ഇടത്തരം എസ്.യു.വി വിഭാഗത്തിൽ ക്രെറ്റയ്ക്ക് നിഷേധിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്. മറ്റ് ഹ്യുണ്ടായി എസ്.യു.വികളായ എക്‌സ്‌റ്റർ, വെന്യു, ട്യൂസൺ, അൽകാസർ എന്നിവ അതത് സെഗ്‌മെന്റുകളിൽ ഭേദപ്പെട്ട വിൽപ്പന നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.