സുരക്ഷ മുൻനിർത്തിയുള്ള വാഹനങ്ങളാണ് ഇന്ത്യക്കാർക്കിപ്പോൾ പ്രിയം. പക്ഷെ സുരക്ഷക്ക് പ്രാധാന്യം നൽകുമ്പോൾ പോക്കറ്റ് കാലിയാകുമോയെന്ന സംശയം പലർക്കുമുണ്ട്. ഇനി ആ സംശയം വേണ്ട. 8 ലക്ഷം (എക്സ് ഷോറൂം) രൂപയിൽ 5 സ്റ്റാർ സുരക്ഷ നൽകുന്ന നിരവധി കാറുകളും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. അഡാസ് ഫീച്ചറുൾപ്പെടെ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകുന്ന വാഹനങ്ങളെ പരിജയപ്പെടാം.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന ബ്രാൻഡ് ഇന്ത്യക്കാർക്ക് സുപരിചിതമാണ്. ഭാരത് എൻ.സി.എ.പി നടത്തിയ ക്രഷ് ടെസ്റ്റിൽ മഹീന്ദ്ര എക്സ്.യു.വി 3 എക്സ്.ഒ 5 സ്റ്റാർ സുരക്ഷ റേറ്റിങ് നേടിയിരുന്നു. മൂന്ന് എൻജിൻ ഓപ്ഷനുകളിലായാണ് വാഹനം ലഭ്യമാകുന്നത്. ഭാവിയിൽ വൈദ്യുത വകഭേദവും ലഭ്യമാകും. 1.2 ലിറ്റർ പെട്രോൾ, ഡീസൽ ടർബോ എൻജിനിലാണ് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. മഹീന്ദ്ര എക്സ്.യു.വി 3 എക്സ്.ഒക്ക് പ്രാരംഭ വിലവരുന്നത് 7.99 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്.
ടാറ്റ പഞ്ചിന്റെ 30തിലധികം വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. മിക്ക കാറുകളും ക്രഷ് ടെസ്റ്റിൽ വിജയിച്ചതോടെ വിപണിയിൽ ടാറ്റായുടെ കറുകൾക്കുള്ള മൂല്യം മറ്റു കറുകളെക്കാൾ കൂടുതലാണ്. ജനുവരി മാസത്തിൽ മാരുതിയെ പിന്തള്ളി ടാറ്റ പഞ്ച് വിൽപ്പനയിൽ മുന്നിലെത്തിയിരുന്നു. ഇരട്ട എയർബാഗുകൾക്കൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും പഞ്ചിൽ നൽകിയിട്ടുണ്ട്. ടാറ്റ പഞ്ചിന്റെ എക്സ് ഷോറൂം വില 5.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
സ്കോഡ പുറത്തിറക്കുന്ന ഏറ്റവും പുതിയ വാഹനമാണ് കൈലാക്ക്. സ്കോഡ നടത്തിയ പേര് നിർദ്ദേശിച്ചുള്ള മത്സരത്തിൽ മലയാളി നൽകിയ പേരെന്ന പ്രത്യേകതയും കൈലാക്കിനുണ്ട്. 25 സ്റ്റാൻഡേർഡ് സുരക്ഷ സവിശേഷതകൾ ഉൾപ്പെടുന്ന വാഹനത്തിൽ 6 എയർബാഗുകൾ ഘടിപ്പിച്ചിരിക്കുന്നു. ഏറ്റവും പുതിയ ഫീച്ചറായ ടയർ പ്രഷർ മോണിറ്ററിങ് സംവിധാനവും കൈലാക്കിന്റെ പ്രത്യേകതയാണ്. കൂടാതെ അഡാസ് ലെവൽ 2 സംവിധാനവും കൈലാക്കിലുണ്ട്. 7.89 ലക്ഷം രൂപയാണ് കൈലാക്കിന്റെ എക്സ് ഷോറൂം വില. 5 സീറ്റർ കാറിന് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.
ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിച്ച മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ വാഹനമാണ് മാരുതി ഡിസയർ. സുരക്ഷ കൈവരിച്ച വാഹനത്തിന് 6 എയർബാഗുകൾ ഉൾപ്പെടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റവും നൽകിയിട്ടുണ്ട്. മാരുതി ഡിസയറിന്റെ എക്സ്-ഷോറൂം വില 6.84 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. പെട്രോൾ വകഭേദം കൂടാതെ സി.എൻ.ജിയിലും വാഹനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.