ന്യൂഡൽഹി: അനുദിനം വളർച്ച കൈവരിക്കുന്ന ഇലക്ട്രിക് വാഹന മേഖലയിൽ പുതിയ ബാറ്ററി പരീക്ഷണവുമായി ഇന്ത്യ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ) ആണ് പുതിയ സോഡിയം-അയോൺ ബാറ്ററിയുമായി വാഹന വിപണിയിലേക്കെത്തുന്നത്. ആറു മിനിറ്റുകൊണ്ട് 80% ചാർജ് ചെയ്യുന്നതും 3,000ത്തിലധികം ചാർജിങ് സൈക്കിളുകൾ നൽകുന്നതുമാണ് ഈ സോഡിയം-അയോൺ ബാറ്ററിയുടെ പ്രത്യേകത. ഇത് ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ഗ്രിഡുകൾ, ഡ്രോൺസ്, ഗ്രാമീണ വൈദ്യുതീകരണം തുടങ്ങിയവക്ക് ഉപയോഗിക്കാമെന്ന് വിദഗ്ധർ പറഞ്ഞു.
നാസികോൺ (സോഡിയം, ആൽക്കലി ലോഹ അയോണുകൾ) ടൈപ്പ് കെമിസ്ട്രി അടിസ്ഥാനമാക്കിയാണ് ഈ ബാറ്ററി നിർമ്മിച്ചിട്ടുള്ളതെന്ന് പ്രൊ. പ്രേംകുമാർ സെൻഗുട്ടുവൻ, ബിപ്ലബ് പത്ര എന്നിവർ പറഞ്ഞു. ഇതിനെ നൂതന മെറ്റീരിയൽ എഞ്ചിനീറിങ് ഉപയോഗിച്ച് ഗണ്യമായി മെച്ചപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതി പ്രകാരം ഹരിത സാങ്കേതിക വിദ്യകൾക്കായി ധാതു ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുള്ള നീക്കവും ഈ ഗവേഷണത്തിന്റെ മറ്റൊരു ലക്ഷ്യമാണ്.
ബാറ്ററിയുടെ പ്രകടനം, സുരക്ഷ, ഈട് എന്നിവ ഉറപ്പുവരുത്തുന്നതിനായി ഇലക്ട്രോകെമിക്കൽ സൈക്ലിങ്, ക്വാണ്ടം-ലെവൽ സിമുലേഷൻ തുടങ്ങിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പരീക്ഷണത്തിന് ശേഷം 80 ശതമാനത്തിലധികം ശേഷി നിലനിർത്തുന്ന ഒരു പ്രോട്ടോടൈപ്പാണ് ഫലമായി ലഭിച്ചത്. ഇത് ബാറ്ററി കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമെന്ന് തെളിയിച്ചു.
ഊർജ്ജ സംഭരണ മേഖലയിലെ പ്രധാന വെല്ലുവിളിയെ നേരിടാൻ ഈ പരീക്ഷണത്തിന് സാധിക്കും. ലിഥിയം-അയോൺ ബാറ്ററികൾ കാര്യക്ഷമമാണ്. പക്ഷേ ചെലവേറിയതും ലഭ്യമാകുന്ന വിഭവങ്ങൾ പരിമിതവുമാണ്. പുതിയ സോഡിയം-അയോൺ ബാറ്ററി ദീർഘകാലം നിലനിൽക്കുന്നതും ചെലവുകുറഞ്ഞതും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.