പൊതുവെ കണ്ണാരോഗ്യത്തിന്റെ കാര്യത്തിൽ വിറ്റാമിൻ എ അല്ലെങ്കിൽ ഒമേഗ-3 ഫാറ്റുകൾക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ പ്രായവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവിനെയും തിമിരത്തെയും നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഇ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജിയുടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കാലക്രമേണ കണ്ണിന്റെ ടിഷ്യുവിനെ നശിപ്പിക്കാൻ സാധിക്കുന്ന തന്മാത്രകൾക്കെതിരെയുള്ള കവചമായി വിറ്റാമിൻ ഇ പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തലുകൾ. അതിനാൽ ഇത്തരം വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു.
ബദാം: രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇതിലടങ്ങിയ വിറ്റാമിൻ ഇ യുടെ സജീവ രൂപമായ ആൽഫ ടോക്കോഫെറോൾ കണ്ണിലെ സമർദം കുറക്കാനും സഹായിക്കുന്നതാണ്.
സൂര്യകാന്തി വിത്തുകൾ: 30 ഗ്രാം സൂര്യകാന്തി വിത്തുകളിൽ ഏകദേശം 7 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇവയുടെ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത്തരത്തിലുള്ള സുഗമമായ രക്തയോട്ടം റെറ്റിന കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിന് സഹായിക്കുന്നതാണ്. ചെറുതായി വറുത്ത വിത്തുകൾ കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക.
ചീര: വിറ്റാമിൻ ഇ, ല്യൂട്ടിൻ(സസ്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന മഞ്ഞ പിഗ്മെന്റ്) അടങ്ങിയ ചീര കണ്ണുകളുടെ ആരോഗ്യത്തിന് നിർബന്ധമാണ്. പ്രത്യേകിച്ച് ഇന്നത്തെ ഡിജിറ്റൽ കാലത്ത് സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം മൂലം ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.
അവോക്കാഡോ: ആരോഗ്യകരമായ ഫാറ്റുകളും വിറ്റാമിൻ ഇയും അടങ്ങിയ ചുരുക്കം ചില പഴങ്ങളിലൊന്നാണ് അവോക്കാഡോ. കരോട്ടിനോയിഡുകൾ പോലുള്ള കണ്ണിന് സംരക്ഷണം നൽകുന്ന പോഷകങ്ങളെ ആഗിരണം ചെയ്യാൻ ഇത്തരം ഫാറ്റുകൾ സഹായിക്കും. അതിനാൽ പതിവായി അവോക്കാഡോ കഴിക്കുന്നത് കാഴ്ച പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് ഗവേഷകർ പറയുന്നത്.
ഒലിവ് ഓയിൽ: ഹൃദയാരോഗ്യത്തിന് പുറമേ കണ്ണുകളുടെ സംരക്ഷണത്തിനും ഒലിവ് ഓയിൽ ഉത്തമമാണ്. ഇതിൽ അടങ്ങിയ വിറ്റാമിൻ ഇ കണ്ണിലെ കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കും. ആന്റിഓക്‌സിഡന്റുകൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാലഡുകളോ വേവിച്ച പച്ചക്കറികളോ കഴിക്കുന്നതിന് പകരം ഇത് പച്ചയായി ഉപയോഗിക്കുക.
ഹാസൽനട്ട്സ്: നട്സുകളിൽ ഏറ്റവും ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് ഹാസൽനട്ട്സിലാണ്. ഇവയുടെ സംയുക്തങ്ങൾ കോശ സ്തരങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും ഒപ്റ്റിക് നാഡിക്ക് ചുറ്റുമുള്ള വീക്കം കുറക്കുന്നതിലൂടെയും പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ മന്ദഗതിയിലാക്കാൻ സഹായിക്കും.
കണ്ണിന്റെ ആരോഗ്യം ഒരു പ്രത്യേക ഭക്ഷണത്തെയോ സപ്ലിമെന്റിനെയോ ആശ്രയിച്ചല്ല. മറിച്ച് ജീവിതശൈലി അനുസരിച്ചാണ്. വിറ്റാമിൻ ഇ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണക്രമം കണ്ണുകളിലെ ദൈനംദിന സമ്മർദത്തെ നേരിടാൻ സഹായിക്കും. സ്ഥിരമായ നേത്ര പരിശോധനകൾ, ശരിയായ അളവിലുള്ള ജലാംശം, സ്‌ക്രീൻ ഇടവേളകൾ എന്നിവക്കൊപ്പം ദീർഘകാല സംരക്ഷണത്തിനായി മേൽ പറഞ്ഞ ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.