ധാന്യങ്ങൾ മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ ഇരട്ടി!

നിങ്ങൾ ധാന്യങ്ങളും പയറുവർഗങ്ങളും എങ്ങനെയാണ് കഴിക്കാറുള്ളത്? മുളപ്പിച്ച് കഴിക്കുന്നവരുണ്ട്. അല്ലാതെ കഴിക്കുന്നവരുമുണ്ട്. ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിക്കുന്നത് അവയുടെ പോഷകമൂല്യം വർധിപ്പിക്കുകയും ഇരട്ടി ഗുണം നൽകുകയും ചെയ്യുന്നു. പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച ധാന്യങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കല്‍ പ്രക്രിയയിലൂടെ ഈ പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെത്തി അവ വേഗത്തില്‍ ആഗിരണം ചെയ്യും.

ധാന്യങ്ങൾ മുളപ്പിക്കുമ്പോൾ അവയിലുള്ള വിറ്റാമിൻ സി, എ, ബി-കോംപ്ലക്സ് എന്നിവയുടെ അളവ് ഗണ്യമായി വർധിക്കുന്നു. കൂടാതെ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന രീതിയിലായി മാറുന്നു.

കലോറി കുറവാണെങ്കിലും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ വേഗത്തിൽ വയർ നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും തടി കുറക്കാൻ സഹായിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നിലനിർത്താൻ മുളപ്പിച്ച ധാന്യങ്ങൾക്ക് കഴിവുണ്ട്. ഇതിലെ ഫൈബർ ഇൻസുലിൻ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറക്കുന്നു.

മുളപ്പിച്ച ധാന്യങ്ങളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ധാരാളമുണ്ട്. ഇവ മികച്ച ആന്റി-ഓക്‌സിഡന്റുകളായി പ്രവർത്തിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നു. ധാന്യങ്ങൾ മുളക്കുമ്പോൾ അവയിലുള്ള ഫൈറ്റേറ്റുകൾ പോലുള്ള ആന്റി-ന്യൂട്രിയന്റുകൾ കുറയുകയും, വിറ്റാമിനുകളുടെയും ഫിനോളിക് സംയുക്തങ്ങളുടെയും അളവ് പലമടങ്ങ് വർധിക്കുകയും ചെയ്യുന്നു. സാധാരണ ധാന്യങ്ങളെ അപേക്ഷിച്ച് മുളപ്പിച്ചവയിൽ ആന്റി-ഓക്‌സിഡന്റ് ശേഷി 3 മുതൽ 10 മടങ്ങ് വരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

ധാന്യങ്ങളിലെ അന്നജത്തെ ലളിതമായ ഘടകങ്ങളായി മാറ്റാൻ മുളപ്പിക്കൽ സഹായിക്കുന്നു. കൂടാതെ, ഇതിലെ എൻസൈമുകൾ ദഹനപ്രക്രിയ വേഗത്തിലാക്കുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങൾ പച്ചക്ക് കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങളോ ബാക്ടീരിയൽ അണുബാധയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ അല്പം ആവിയിൽ വേവിച്ചോ പാകം ചെയ്തോ കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Tags:    
News Summary - Sprouting grains doubles the benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.