മുട്ട പാചകം ചെയ്യുന്നതിന് മുമ്പ് കഴുകുന്നത് സംബന്ധിച്ച് പലർക്കിടയിലും തർക്കങ്ങളുണ്ട്. കഴുകുന്നത് സുരക്ഷിതത്വം വർധിപ്പിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ ശരിയായ രീതിയിൽ അല്ലാതെ കഴുകുന്നത് മുട്ടയുടെ പുറംതോടിന്റെ സ്വാഭാവിക സംരക്ഷിത പാളി നീക്കം ചെയ്യുമെന്നും, അതുവഴി സാൽമൊണെല്ല പോലുള്ള ബാക്ടീരിയൽ അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കടകളിൽ നിന്ന് വാങ്ങുന്ന ഈ മുട്ടകൾ പലപ്പോഴും മുൻകൂട്ടി വൃത്തിയാക്കി അണുവിമുക്തമാക്കിയവയാണ്. അതിനാൽ വീട്ടിൽ വീണ്ടും കഴുകേണ്ട ആവശ്യമില്ല. ഇത് ദോഷകരമാവാനും സാധ്യതയുണ്ട്.
ഫാമുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന മുട്ടകളുടെ തോടുകളില്‍ ചെളി, പക്ഷിയുടെ തൂവലുകള്‍, കാഷ്ഠം എന്നിവ ഉണ്ടാകാം. മുട്ടയുടെ പുറം തോട് കട്ടിയുള്ളതാണെങ്കിലും അതില്‍ അനേകം സുഷിരങ്ങള്‍ ഉണ്ട്. ശരിയായ രീതിയില്‍ കഴുകിയില്ലെങ്കില്‍, ഈ സുഷിരങ്ങളിലൂടെ ബാക്ടീരിയകള്‍ മുട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുന്നതിന് മുമ്പ് മുട്ട നന്നായി കഴുകുന്നത്, തോടിലെ ബാക്ടീരിയകള്‍ കൈകളിലേക്കോ പാത്രങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ പടരുന്നതിനുളള സാധ്യത കുറക്കും.
സാല്‍മൊണല്ല, ഇ.കോളി, കാംപിലോബാക്റ്റര്‍ എന്നിവയാണ് സാധാരണയായി മുട്ടത്തോടില്‍ കാണപ്പെടുന്ന ബാക്ടീരിയകൾ. പക്ഷികളുടെ കാഷ്ഠം, മലിനമായ കൂടുകള്‍, മുട്ടകള്‍ ശേഖരിക്കുന്ന സമയത്തും കടകളിലേക്ക് കൊണ്ടുപോകുമ്പോഴുമുള്ള ശുചിത്വമില്ലായ്മ എന്നിവയാണ് ബാക്ടീരിയകള്‍ മുട്ടയിലെത്താനുളള പ്രധാന കാരണം. ഈ രോഗകാരികള്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന, വയറിളക്കം, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളും ഉണ്ടാക്കും.
മുട്ടത്തോടുകൾ സ്വാഭാവികമായി സുഷിരങ്ങളുള്ളതും ബ്ലൂം അല്ലെങ്കിൽ ക്യൂട്ടിക്കിൾ എന്ന് വിളിക്കപ്പെടുന്ന ഒരു പാളിയാൽ പൊതിഞ്ഞതുമാണ്. ഈ പാളിയാണ് മുട്ടയെ ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കുന്നത്. കഴുകുന്നത് ഈ പാളി നീക്കം ചെയ്യുകയോ കേടുവരുത്തുകയോ ചെയ്യാം. ഇത് അണുബാധക്ക് കൂടുതൽ സാധ്യതയുള്ളതാക്കി മാറ്റുന്നു. കഴുകുന്ന രീതി, വെള്ളത്തിന്റെ താപനില എന്നിവയെ ആശ്രയിച്ചിരിക്കും ഈ അപകടസാധ്യത. ഫാമുകളിൽ നിന്നോ വീട്ടുവളപ്പിലെ കോഴികളിൽ നിന്നോ ശേഖരിച്ചതും, അഴുക്ക് അല്ലെങ്കിൽ മാലിന്യം പോലുള്ളവ വ്യക്തമായി കാണപ്പെടുന്നതുമായ ഫ്രഷ് മുട്ടകൾ ആണെങ്കിൽ, അവ ശ്രദ്ധയോടെ കഴുകുന്നത് ഗുണകരമാകും. ഇളം ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
അമേരിക്കൻ ഐക്യനാടുകളിൽ മുട്ടകൾ വിൽക്കുന്നതിനുമുമ്പ് നന്നായി കഴുകി ശീതീകരിക്കുന്നത് ഒരു സാധാരണ രീതിയാണ്. എന്നാൽ, നിരവധി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ, മുട്ടകൾ കഴുകാതെയാണ് വിൽക്കുന്നത്. ഇത് ക്യൂട്ടിക്കിൾ എന്ന സ്വാഭാവിക സംരക്ഷിത പാളി നിലനിർത്താൻ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.