ഭൂരിഭാഗം കുട്ടികളും ഭക്ഷണം കഴിക്കാൻ മടിയുള്ളവരാണ്. ഭക്ഷണ കാര്യത്തിൽ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാതാപിതാക്കളും ഏറെ കഷ്ടപ്പെടാറുണ്ട്. ഇനി റെയിൻബോ ഡയറ്റ് ഒന്ന് പരീക്ഷിച്ചു നോക്കൂ. പാത്രത്തിൽ പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കാണുമ്പോൾ കുട്ടികൾക്ക് അത് കഴിക്കാൻ തോന്നും. ആരോഗ്യകരമായ ഭക്ഷണത്തിന് ചിലപ്പോള്‍ രുചി കുറവായിരിക്കും. കഴിക്കാനും തോന്നില്ല. എന്നാല്‍ പോഷകങ്ങള്‍ കൃത്യമായി ശരീരത്തിലേക്കെത്തേണ്ടത് അത്യാവശ്യമായതിനാൽ റെയിന്‍ബോ ഡയറ്റ് ഗുണം ചെയ്യും.
ചുവന്ന തക്കാളി, ഓറഞ്ച്, കാരറ്റ്, മഞ്ഞ കാപ്‌സിക്കം, ഇലക്കറികള്‍, ബ്ലൂബെറി, പര്‍പ്പിള്‍ വഴുതന തുടങ്ങിയ സ്വാഭാവികമായ നിറമുള്ള പലതരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ റെയിന്‍ബോ ഡയറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ നിറത്തിലുമുള്ള ഭക്ഷണങ്ങൾക്കും അതിന്‍റേതായ പ്രത്യേക പോഷകഗുണങ്ങളുണ്ട്. വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാതരം വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ലഭിക്കുന്നു.
ചുവപ്പ് നിറങ്ങളുള്ള തക്കാളി, സ്ട്രോബറി,ആപ്പിൾ, ചുവന്ന കാപ്സിക്കം, തണ്ണിമത്തൻ, ചെറി എന്നിവയിൽ ലൈക്കോപീൻ, എലാജിക് ആസിഡ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനോടോപ്പം ചില അർബുദങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചർമത്തിന് തിളക്കം നൽകുന്നതുമായ ഭക്ഷണങ്ങളാണ് ഓറഞ്ച്, കാരറ്റ്, മത്തങ്ങ, മഞ്ഞ കാപ്സിക്കം, പൈനാപ്പിൾ, നാരങ്ങ എന്നിവ. ഇവയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ഫോളേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പച്ച നിറത്തിലുള്ള ചീര, ബ്രോക്കോളി, കാബേജ്, കിവി, പച്ച മുന്തിരി, അവക്കാഡോ എന്നിവയിൽ ക്ലോറോഫിൽ, ല്യൂട്ടിൻ, സിയാസാന്തിൻ, വിറ്റാമിൻ കെ എന്നീ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം, ദഹനവ്യവസ്ഥ, കണ്ണുകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു. നീല, പർപ്പിൾ നിറത്തിലുള്ള ബ്ലൂബെറി, ബ്ലാക്ക് ബെറി, പർപ്പിൾ കാബേജ്, വഴുതനങ്ങ, കറുത്ത മുന്തിരി എന്നിവയിൽ ആന്‍റോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തോടൊപ്പം ഓർമശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. വെള്ള, തവിട്ട് നിറങ്ങളിലുള്ള വെളുത്തുള്ളി, കൂൺ, കോളിഫ്ളവർ, വാഴപ്പഴം, ഇഞ്ചി എന്നിവയിൽ അല്ലിസിൻ, ക്വർസെറ്റിൻ, പൊട്ടാസ്യം എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
എല്ലാ നിറങ്ങളിലുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ സമ്പൂർണമായ പോഷക ഘടന ഉറപ്പാക്കുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു. ഇത് ആകര്‍ഷകമായി തോന്നാമെങ്കിലും ദിവസവും എത്രത്തോളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പലരും ചിന്തിക്കാറുണ്ട്. ദിവസവും കുറഞ്ഞത് മൂന്നോ അഞ്ചോ വ്യത്യസ്ത നിറങ്ങളുള്ള ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തണമെന്നാണ് പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സാലഡോ സീസണല്‍ പഴങ്ങളോ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പോലുള്ള ചെറിയ മാറ്റങ്ങള്‍ പോലും വലിയ വ്യത്യാസം ഉണ്ടാക്കും. പ്രായം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി എന്നിവ അടിസ്ഥാനമാക്കി ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കണം.
പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ തിരഞ്ഞെടുക്കണം. പ്രായമായവര്‍ക്ക് നാരുകള്‍ അടങ്ങിയ മൃദുവായ ഭക്ഷണങ്ങള്‍ ആവശ്യമായി വന്നേക്കാം. കുട്ടികളുടെ വളര്‍ച്ചക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വേണം. പഴങ്ങള്‍ ജ്യൂസ് അടിക്കുമ്പോള്‍ നാരുകള്‍ നഷ്ടപ്പെടുകയും പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്നു. മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ക്ക് പകരമാവില്ല സ്മൂത്തികള്‍. ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തിനും അത്യന്താപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.