തൈറോയ്ഡ് ലക്ഷണങ്ങളെ അവഗണിക്കരുത്; എന്ത് കഴിക്കണം? എന്ത് ഒഴിവാക്കണം?

നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിന്റെ പ്രവർത്തനത്തിൽ വരുന്ന വ്യതിയാനങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കണ്ടുവരുന്നത്. ഹൈപ്പോതൈറോയ്ഡിസം (ഹോർമോൺ കുറയുന്ന അവസ്ഥ), ഹൈപ്പർതൈറോയ്ഡിസം (ഹോർമോൺ കൂടുന്ന അവസ്ഥ). തൈറോയ്ഡ് ലക്ഷണങ്ങളിൽ ഭാരക്കൂടുതൽ, ഭാരകുറവ്, ക്ഷീണം, ചർമം വരണ്ടുപോകുക, ഹൃദയമിടിപ്പിലെ മാറ്റം എന്നിവ ഉൾപ്പെടുന്നു. കഴുത്തിൽ മുഴ, ശബ്ദവ്യത്യാസം, വിഴുങ്ങാൻ ബുദ്ധിമുട്ട് എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.

സാധാരണ ലക്ഷണങ്ങൾ

ഹൈപ്പോതൈറോയിഡിസം (തൈറോയ്ഡ് കുറവ്): ഭാരക്കൂടുതൽ, ക്ഷീണം, വരണ്ട ചർമം, മുടികൊഴിച്ചിൽ, മലബന്ധം, വിഷാദം, തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ.

ഹൈപ്പർതൈറോയിഡിസം (തൈറോയ്ഡ് കൂടുതൽ): ഭാരക്കുറവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിയർപ്പ്, ഉറക്കമില്ലായ്മ, വിറയൽ, ഉത്കണ്ഠ

തൈറോയ്ഡ് ഉള്ളവർ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ അയോഡിൻ, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ ഇലക്കറികൾ, പരിപ്പുകൾ, നട്‌സ്, വിത്തുകൾ, ഗ്രീൻ ടീ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താം. അതേസമയം, കൂടുതൽ അയഡിൻ അടങ്ങിയ കടൽ വിഭവങ്ങൾ, അമിതമായ കാപ്പി, ചായ, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. തൈറോയ്ഡ് അവസ്ഥ അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തണം.

കഴിക്കാവുന്നവ

അയഡിൻ: അയഡിൻ കുറഞ്ഞ ഉപ്പ് (കല്ലുപ്പ്), പാൽ, മുട്ടയുടെ മഞ്ഞക്കരു (ഹൈപ്പർതൈറോയിഡിസം ഉള്ളവർ കുറക്കുക)

സെലിനിയം: ബ്രസീൽ നട്‌സ്, സൂര്യകാന്തി വിത്തുകൾ

സിങ്ക്: വിത്തുകൾ, പരിപ്പുകൾ, ഇറച്ചി

വിറ്റാമിനുകളും ധാതുക്കളും: ഇലക്കറികൾ (ചീര, കടുക് ഇല), ബെറികൾ, ഇഞ്ചി, ഗ്രീൻ ടീ, അവോക്കാഡോ, മുഴുവൻ ധാന്യങ്ങൾ, യോഗർട്ട്

ഒഴിവാക്കേണ്ടവ/നിയന്ത്രിക്കേണ്ടവ

ഗോയിട്രോജനുകൾ: കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, കപ്പ (മരച്ചീനി), ചേമ്പ് എന്നിവ പച്ചക്ക് കഴിക്കുന്നത് ഒഴിവാക്കുക. ഇവ നന്നായി വേവിച്ചു മാത്രം കഴിക്കുക.

സോയ ഉൽപ്പന്നങ്ങൾ: സോയാബീൻ, സോയ മിൽക്ക് എന്നിവ തൈറോയ്ഡ് മരുന്നിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം.

സംസ്കരിച്ച ഭക്ഷണങ്ങൾ: മൈദ, പഞ്ചസാര അമിതമായി അടങ്ങിയ ബേക്കറി സാധനങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

കാപ്പി, മദ്യം: ഇവ അമിതമായി ഉപയോഗിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കും.

ഓരോരുത്തരുടെയും ശരീരപ്രകൃതിയും രോഗാവസ്ഥയും വ്യത്യസ്തമായതിനാൽ, കൃത്യമായ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നതിന് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.

Tags:    
News Summary - Don't ignore thyroid symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.