നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമായ ചിയാ സീഡ്‌സ് ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഒരു സൂപ്പർഫുഡ് ആണെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ചില മരുന്നുകൾ കഴിക്കുന്നവരും ഇത് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം.
ചിയാ സീഡ്‌സ് നാരുകളുടെ ഒരു കലവറയാണ്. ഇത് ദഹനത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാൽ വിപരീതഫലം ചെയ്യും. വയറുവേദന, ഗ്യാസ്, വയറുവീർക്കൽ, അല്ലെങ്കിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലുള്ള ദഹന പ്രശ്‌നങ്ങളുള്ളവർ വലിയ അളവിൽ ചിയാ സീഡ്‌സ് കഴിച്ചാൽ നാരുകളുടെ ആധിക്യം കാരണം ഈ ബുദ്ധിമുട്ടുകൾ കൂടാൻ സാധ്യതയുണ്ട്. ആദ്യമായി കഴിക്കുമ്പോൾ അര ടീസ്പൂൺ മാത്രം ഉപയോഗിച്ച് തുടങ്ങി ശരീരത്തിന്റെ പ്രതികരണം മനസിലാക്കിയതിന് ശേഷം അളവ് കൂട്ടുന്നതാണ് നല്ലത്. എപ്പോഴും ചിയാ സീഡ്‌സ് വെള്ളത്തിൽ നന്നായി കുതിർത്ത ശേഷം മാത്രം കഴിക്കുക.
ചിയാ സീഡ്‌സ് രക്തസമ്മർദം കുറക്കാൻ സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡും പൊട്ടാസ്യവും ധാരാളം അടങ്ങിയതാണ്. സാധാരണ രക്തസമ്മർദം കുറവായ ആളുകൾ ഇത് അമിതമായി കഴിച്ചാൽ തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. രക്തസമ്മർദം കുറവാണെങ്കിൽ ചിയാ സീഡ്‌സ് വളരെ ചെറിയ അളവിൽ മാത്രം കഴിക്കുകയും, ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ച് ഡോക്ടറുടെ അഭിപ്രായം തേടുകയും ചെയ്യുക.
ഒമേഗ-3, ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സാണ് ചിയാ സീഡ്‌സ്. ഒമേഗ-3 രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. വാർഫാരിൻ, ആസ്പിരിൻ തുടങ്ങിയ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ ചിയാ സീഡ്‌സ് കൂടുതലായി ഉപയോഗിച്ചാൽ മരുന്നുകളുടെ ഫലം വർധിക്കുകയും രക്തസ്രാവത്തിനോ ചതവിനോ ഉള്ള സാധ്യത കൂടുകയും ചെയ്യും. ഇത്തരം മരുന്നുകൾ കഴിക്കുന്നവർ ഒരു ദിവസം ഒരു ടേബിൾസ്പൂണിൽ കൂടുതൽ ചിയാ സീഡ്‌സ് കഴിക്കാതിരിക്കുക. ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
എള്ള്, ഫ്ളാക്സ് സീഡ്‌സ്, കടുക് തുടങ്ങിയവയോട് അലർജിയുള്ള ചിലർക്ക് ചിയാ സീഡ്‌സിനോടും അലർജി ഉണ്ടാകാൻ ചെറിയ സാധ്യതയുണ്ട്. ചിയാ സീഡ്‌സ് കഴിച്ച ശേഷം ചൊറിച്ചിൽ, തിണർപ്പ്, മുഖത്തും ചുണ്ടുകളിലും വീക്കം, ശ്വാസതടസ്സം എന്നിവ ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
ചിയാ സീഡ്‌സിൽ പൊട്ടാസ്യവും ഫോസ്ഫറസും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലായ ആളുകൾക്ക് ഈ ധാതുക്കൾ ശരിയായ രീതിയിൽ പുറന്തള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഇത് രക്തത്തിൽ പൊട്ടാസ്യത്തിന്‍റെയും ഫോസ്ഫറസിന്‍റെയും അളവ് വർധിപ്പിക്കുകയും വൃക്കകൾക്ക് അമിതഭാരം നൽകുകയും ചെയ്യും. വൃക്കരോഗങ്ങളുള്ളവർ ചിയാ സീഡ്‌സ് വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ പൂർണ്ണമായി ഒഴിവാക്കുക. ഭക്ഷണത്തിൽ ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നെഫ്രോളജിസ്റ്റിന്‍റെ ഉപദേശം തേടണം.
ആരോഗ്യകരമായ ആളുകൾക്ക് ദിവസേന 1-2 ടേബിൾസ്പൂൺ ചിയാ സീഡ്‌സ് കഴിക്കുന്നത് സുരക്ഷിതമാണ്. എങ്കിലും ഏത് ആരോഗ്യസ്ഥിതിയിലും വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കുകയും എപ്പോഴും നന്നായി വെള്ളത്തിൽ കുതിർത്ത ശേഷം മാത്രം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ സംസാരിക്കുന്നത് എപ്പോഴും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.