എവിടെ നിന്നും ശസ്ത്രക്രിയ ചെയ്യാം; എന്താണ് ടെലി റോബോട്ടിക് സര്‍ജറി?

മെഡിക്കൽ രംഗത്തെ ഓരോ അപ്ഡേറ്റുകളും വലിയ വഴിതിരിവാണ് ഉണ്ടാക്കുന്നത്. ടെലി റോബോട്ടിക് സര്‍ജറിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്നത്ര അപരിചിതമല്ലെങ്കിലും ഒരുപാട് പേർക്ക് ഇതിനെ കുറിച്ച് വ്യക്തത ഉണ്ടായെന്ന് വരില്ല. ടെലി റോബോട്ടിക് സർജറി എന്നത് റോബോട്ടുകളുടെ സഹായത്തോടെ ദൂരത്ത് നിന്ന് ശസ്ത്രക്രിയ നടത്തുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇതിൽ ഡോക്ടർക്ക് ആയിരക്കണക്കിന് കിലോമീറ്റർ അകലെയിരുന്ന് റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് രോഗിയുടെ ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും. റോബോട്ടിക് ഉപകരണങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള കൺട്രോൾ സിസ്റ്റം, ഉയർന്ന വേഗതയുള്ള ഡാറ്റ കണക്ഷനുകൾ, ആവശ്യമെങ്കിൽ സെൻസറി ഫീഡ്‌ബാക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തിനിരുന്നും വിദേശ രാജ്യത്തിരുന്നും ഇത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. ശാസ്ത്ര- സാങ്കേതിക രംഗത്തെ കുതിപ്പുകള്‍ ആരോഗ്യപരിപാലനരംഗം എത്രവേഗത്തില്‍ സ്വാംശീകരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ടെലി റോബോട്ടിക് സര്‍ജറി. ഇതിനെ റിമോട്ട് സർജറി എന്നും സൈബർസർജറി എന്നും വിളിക്കാറുണ്ട്. ടെലിവിഷൻ, വയർലെസ് നെറ്റ്‌വർക്കുകൾ (വൈ-ഫൈ, ബ്ലൂടൂത്ത്) അല്ലെങ്കിൽ ഫൈബർ ഓപ്റ്റിക് കേബിളുകൾ പോലുള്ള ഹൈ-സ്പീഡ് ഡാറ്റ കണക്ഷനുകൾ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. രോഗിയുടെ അരികിൽ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിന്റെ കൈകളാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇവ സർജന്റെ കൺസോളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നു.

ശസ്ത്രക്രിയ കൃത്യമായി നടത്താൻ സഹായിക്കുന്നതിന് റോബോട്ടിക് സംവിധാനം സർജന് ഫീഡ്‌ബാക്ക് നൽകുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള വിദഗ്ദ്ധരായ സർജന്മാർക്ക്, മെഡിക്കൽ സൗകര്യങ്ങൾ കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലോ വിദൂര സ്ഥലങ്ങളിലോ ഉള്ള രോഗികൾക്ക് ശസ്ത്രക്രിയ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. വിദഗ്ധ ചികിത്സക്കായി രോഗികൾക്ക് ദൂരയാത്ര ചെയ്യേണ്ട ആവശ്യം ഒഴിവാകുന്നു. റോബോട്ടിക് സംവിധാനം സൂക്ഷ്മമായ ചലനങ്ങൾ പോലും കൃത്യതയോടെ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ SSI മന്ത്ര സർജിക്കൽ റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് 286 കിലോമീറ്റർ ദൂരത്തിൽ പോലും വിജയകരമായി ടെലി-റോബോട്ടിക് കാർഡിയാക് സർജറികൾ നടത്തിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവിലിരുന്ന് ബംഗളൂരുവിലെ ആശുപത്രിയിലെ 70കാരി രോഗിക്ക് ഒരു മലയാളി ഡോക്ടര്‍ ടെലി റോബോട്ടിക് സര്‍ജറി നടത്തിയിരുന്നു. അത് വിജയമായിരുന്നു.

വെല്ലുവിളികൾ

ടെലി-സർജറിക്ക് അതിന്‍റേതായ നിരവധി ഗുണങ്ങളുണ്ടെങ്കിലും അത് വ്യാപകമായി നടപ്പിലാക്കുന്നതിനും വിജയകരമായി പൂർത്തിയാക്കുന്നതിനും ചില നിർണായകമായ തടസ്സങ്ങൾ നേരിടേണ്ടതുണ്ട്. സർജൻ കൺസോളിൽ ഒരു നിർദേശം നൽകുമ്പോൾ ആ നിർദേശം ദൂരെയുള്ള റോബോട്ടിൽ എത്താനും റോബോട്ട് അത് പ്രവർത്തിപ്പിച്ചു കഴിഞ്ഞതിന്‍റെ ഫീഡ്‌ബാക്ക് സർജനിലേക്ക് തിരിച്ചെത്താനും എടുക്കുന്ന സമയമാണ് ലേറ്റൻസി. ഈ കാലതാമസം വളരെ കൂടുതലാണെങ്കിൽ ശസ്ത്രക്രിയയുടെ കൃത്യതയെയും സുരക്ഷയെയും അത് ദോഷകരമായി ബാധിക്കും. ഉദാഹരണത്തിന് ഒരു സെക്കൻഡിന്‍റെ പത്തിലൊരംശത്തിൽ കൂടുതലുള്ള ലേറ്റൻസി പോലും ശസ്ത്രക്രിയാ പിഴവുകൾക്ക് കാരണമായേക്കാം. അതിവേഗത്തിലുള്ളതും സ്ഥിരതയുള്ളതുമായ 5G പോലുള്ള നെറ്റ്‌വർക്കുകളും, കേബിളുകൾ വഴിയുള്ള അതിവേഗ കണക്ഷനുകളും ഇതിന് അത്യന്താപേക്ഷിതമാണ്.

ശസ്ത്രക്രിയ നടക്കുന്നതിനിടയിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെടുകയോ, വേഗത കുറയുകയോ ചെയ്താൽ, അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. ഒരു ബാക്കപ്പ് സിസ്റ്റം അനിവാര്യമാണ്. റോബോട്ടിക് സിസ്റ്റം ഹാക്ക് ചെയ്യപ്പെടുകയോ, വിദൂര കൺസോളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കാൻ ഏറ്റവും ഉയർന്ന സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ടെലി-റോബോട്ടിക് സർജറിക്ക് ഉപയോഗിക്കുന്ന റോബോട്ടിക് സിസ്റ്റങ്ങൾ വളരെ ഉയർന്ന വിലയുള്ളതാണ്. കൂടാതെ അതിനുള്ള മെയിന്റനൻസ് ചെലവുകളും കൂടുതലാണ്.

Tags:    
News Summary - What is telerobotic surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.