എയർ ആംബുലൻസിൽ എത്തിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോപോൾ, ഡോ. രാഹുൽ, ഡോ. പോൾ എന്നിവരുടെ നേതൃത്വത്തിൽ പുറത്തേക്ക് കൊണ്ടുവരുന്നു (ഇൻ സൈറ്റിൽ ഷിബുവിന്റെ ചിത്രവും)
കൊച്ചി: ജില്ലാ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ ദുർഗയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ല ജനറൽ ആശുപത്രിയിൽ വെച്ച് നേപ്പാൾ സ്വദേശിനിയായ ദുർഗയുടെ (22) ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയമാണ് ദുർഗ സ്വീകരിച്ചത്.
ആരോഗ്യനില തൃപ്തികരമാണെങ്കിലും അടുത്ത എഴുപത്തി രണ്ട് മണിക്കൂർ നിർണായകമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയിൽ സങ്കീർണതകൾ സ്വാഭാവികമാണെന്നും അവ മറികടക്കാൻ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർ ഷാ അറിയിച്ചു.
വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെയും ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലെയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും രണ്ട് നേത്രപടലങ്ങൾ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലെയും രോഗികൾക്കാണ് നൽകിയത്. ഷിബുവിൻറെ ചർമം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ സ്കിൻ ബാങ്കിനും കൈമാറിയിട്ടുണ്ട്.
കഴക്കൂട്ടത്ത് ഹോട്ടൽ ജോലിക്കാരനായ ഷിബു ഡിസംബർ 14ന് വൈകീട്ട് 6.30ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ കൊല്ലം ജില്ലയിലെ മൂക്കാട്ട്കുന്നിൽവെച്ച് വാഹനത്തിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഡിസംബർ 21ന് മസ്തിഷ്കമരണം സ്ഥിരീച്ചതോടെയാണ് കുടുംബം അവയവദാനത്തിന് സമ്മതം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.