ഷിബു

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവെക്കുന്നത്.  വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങള്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലേയും രോഗികള്‍ക്കാണ് നല്‍കിയത്. ഇതുകൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച സ്‌കിന്‍ ബാങ്കിലേക്ക് ഷിബുവിന്റെ ചര്‍മവും നല്‍കി.

തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. കഴിഞ്ഞ രാത്രി മുതല്‍ മന്ത്രി വീണാ ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറില്‍ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ട് പോയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ക്രമീകരണങ്ങള്‍ ഒരുക്കി. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകള്‍ നടന്ന ആശുപത്രികളിലേക്കുള്ള വഴികളില്‍ റോഡ് ക്ലിയറന്‍സ് പൊലീസ് സാധ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.

കഴക്കൂട്ടത്ത് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴി ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്ന് എന്ന സ്ഥലത്ത് വെച്ച് സ്‌കൂട്ടറില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 15ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങള്‍ സമ്മതം നല്‍കുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി ഷിജി എസ്, സലീവ് എസ് എന്നിവരാണ് കുടുംബാംഗങ്ങള്‍.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും ഈ കാലയളവില്‍ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നത്.

അനാഥയായ നേപ്പാള്‍ സ്വദേശിനിക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെണ്‍കുട്ടിക്കും ഇതേ അസുഖമായിരുന്നു. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സക്കായി കേരളത്തിലെത്തിച്ചത്.

Tags:    
News Summary - The first district-level hospital in the country to perform heart transplant surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.