വിഷാദം അഥവാ ഡിപ്രഷൻ ഇന്ന് നമ്മളെല്ലാവരും കേട്ട് പരിചയമുള്ള വിഷയമാണ്. ക്ഷീണം, തളർച്ച, നിത്യവും സങ്കടപ്പെട്ടിരിക്കുക, ഒരിക്കൽ ആസ്വദിച്ച് ചെയ്തിരുന്നതിലൊക്കെ താൽപര്യം നഷ്ടപ്പെടുക തുടങ്ങിയവയാണ് വിഷാദ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ നമ്മുടെ മാനസികാവസ്ഥയെ താളം തെറ്റിക്കുന്നതിനുമപ്പുറം ഹൃദയാരോഗ്യത്തെ തകിടം മറിക്കാനും വിഷാദം കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങൾ. 'സർക്കുലേഷൻ: കാർഡിയോ വാസ്കുലാർ ഇമേജിങ്'ൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട് പ്രകാരം പുറമേ ആരോഗ്യമുള്ളവരായി കാണപ്പെടുന്നവരിൽ പോലും വിഷാദം ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് പറയുന്നു.
വിഷാദ രോഗികളിൽ ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 85,000ൽ പരം വ്യക്തികളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷാദവും ഉത്കണ്ഠയും ഒരു പോലെ അനുഭവിക്കുന്നവരിൽ അപകട സാധ്യത വീണ്ടും ഉയരുന്നു. ചുരുക്കി പറഞ്ഞാൽ നിരന്തര വൈകാരിക സമ്മർദ്ദം മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും തളർത്തിക്കളയും.
നമ്മുടെ ശരീരത്തിൽ ഭയവും സമ്മർദ്ദവും നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗമാണ് അമിഗ്ഡാല. വിഷാദ രോഗികളിൽ അമിഗ്ഡാലയുടെ പ്രവർത്തനം അമിതമായി ഉയരുന്നു. ഇത് പതിവായി സമ്മർദ്ദമുണ്ടാകുന്നതിന് കാരണമാകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നുകിൽ പ്രതികരിക്കുക അല്ലെങ്കിൽ രക്ഷപ്പെട്ടോടുക (fight or flight) എന്നതാണ് ശരീരത്തിന്‍റെ നയം. ഇത്തരം സാഹചര്യങ്ങളിൽ സാധാരണ രീതികളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും ഉയരും. പിന്നീട് സാധാരണ നിലയിലെത്തുകയും ചെയ്യും. എന്നാൽ നിരന്തരം സമ്മർദ്ദം അനുഭവപ്പെടുന്നവരിൽ ഈ പ്രവർത്തനം രക്തക്കുഴലുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കാനും ഹൃദ്രോഗ സാധ്യത വർധിക്കാനും കാരണമാകുന്നു.
ഭക്ഷണ ക്രമം, വ്യായാമം, പാരമ്പര്യം എന്നീ ഘടകങ്ങൾക്ക് പുറമേ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നമ്മുടെ ഹൃദയത്തിന്‍റെ നിലനിൽപ്പിന് ആവശ്യമാണ്. രക്തസമ്മർദ്ദവും കൊളസ്ട്രോളുമൊക്കെ പരിശോധിക്കുന്നത് പോലെ തന്നെ അത്യാവശ്യമാണ് വിഷാദവും ഉത്കണ്ഠയും പരിശോധിക്കേണ്ടത്. വിഷാദരോഗ ചികിത്സ വൈകാരികക്ഷേമം വർധിപ്പിക്കുന്നതിന് പുറമേ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് സാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.