ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗാവസ്ഥയെ പറ്റി രാജ്യത്തെ 85 ശതമാനം പ്രമേഹരോഗികൾക്കും അറിയില്ല. മാത്രമല്ല 45 ശതമാനം രോഗികളും കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം മാത്രമാണ് ചികിത്സ തേടുന്നത്. ബി.എം.ജെ ഓപണിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പ്രകാരം, പ്രമേഹം മൂലം കാഴ്ചശക്തി നഷ്ടപ്പെടുന്നതിനാൽ ഇന്ത്യക്ക് പ്രതിവർഷം ഏകദേശം 47,200 കോടി രൂപയും 2.86 ദശലക്ഷം ആരോഗ്യകരമായ വർഷങ്ങളും നഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.
അതായത്, ഡയബറ്റിക് റെറ്റിനോപതി വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും മുഴുവൻ രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നു. നേത്രപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി കൃത്യസമയത്ത് ചികിത്സിച്ചാൽ ഈ കാഴ്ചക്കുറവ് തടയാൻ കഴിയും എന്നതാണ് ഇവിടെ പ്രധാന കാര്യം.
വളരെക്കാലം നീളുന്നതോ ശരിയായ നിയന്ത്രണം പുലർത്താത്തതോആയ പ്രമോഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൽ ഉണ്ടാക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനേപതി. വർഷങ്ങളോളം പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുമ്പോൾ, ഈ രക്തക്കുഴലുകൾദുർബലമാവുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. ക്രമേണ രക്തക്കുഴലുകൾ തകരാറിലാവുന്നു. ഇതു പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടലിന് കാരണമാകുന്നുവെന്ന് വിട്രിയോ റെറ്റിനൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും അരവിന്ദ് ഐ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ.ആർ. കിം. പറയുന്നു.
പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം മാത്രമേ പല രോഗികളും ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നുള്ളൂ. അപ്പോഴേക്കും ചികിത്സ കൂടുതൽ സങ്കീർണമാവുകയും ഫലങ്ങൾ പ്രവചനാതീതമാവുകയും ചെയ്യും.
പ്രായമോ ലിംഗഭേദമോ, നിങ്ങൾ എത്രത്തോളം രോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്നോ നോക്കാതെ പ്രമേഹമുള്ള ഓരോ വ്യക്തിയും വർഷത്തിൽ ഒരിക്കലെങ്കിലും സമഗ്രമായ റെറ്റിന പരിശോധനക്ക് വിധേയരാകണം. കാഴ്ചക്കുംഅന്ധതക്കും ഇടയിലുള്ള ഈ ലളിതമായ നടപടിക്ക് എല്ലാ രോഗികളും വിധേയരാകണമെന്ന് ഡോ. കിം നിർദേശിക്കുന്നു. ഇതിനായി ബോധവത്കരണ കാമ്പയിനുകൾ, എളുപ്പത്തിൽ ലഭ്യമാകുന്ന റെറ്റിന പരിശോധനകൾ, പ്രമേഹ പരിചരണത്തിൽ നേത്ര പരിശോധനകളും ഉൾപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.